മോദിയും മമതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍, ഇരുവര്‍ക്കും ഏകാധിപത്യശൈലി; ബംഗാളില്‍ ആഞ്ഞടിച്ച് രാഹുല്‍ 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നാട്ടില്‍, ബംഗാള്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സാമ്യപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദിയും മമതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍, ഇരുവര്‍ക്കും ഏകാധിപത്യശൈലി; ബംഗാളില്‍ ആഞ്ഞടിച്ച് രാഹുല്‍ 

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നാട്ടില്‍, ബംഗാള്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സാമ്യപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരുടെയും പ്രവര്‍ത്തനശൈലി ഒരേ പോലെയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സമാന്തരപാതയില്‍ സഞ്ചരിക്കുന്ന ഇരുവരും ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത് ആരോടും കൂടിയാലോചന പോലും നടത്താതെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പശ്ചിമബംഗാളില്‍ തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാല്‍ഡയില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മമത ബാനര്‍ജിയെ മോദിയോട് സാമ്യപ്പെടുത്തി രാഹുല്‍ കടന്നാക്രമിച്ചത്. മോദി സര്‍ക്കാരിന്റെ  കടുത്ത വിമര്‍ശകയായി അറിയപ്പെടുന്ന നേതാവാണ് മമത ബാനര്‍ജി.

മോദിക്കും മമതയ്ക്കും നിരവധി സമാനതകളുണ്ട്. ഒരു ഏകീകൃത പ്രവര്‍ത്തനശൈലിയിലാണ് ഇരുവരുടെയും പ്രവര്‍ത്തനം. കൂടാതെ വ്യാജവാഗ്ദാനങ്ങളാണ് ഇരുവരും മുന്നോട്ടുവെയ്ക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

മോദി പ്രസംഗങ്ങളിലുടനീളം നുണകളാണ് പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗാളില്‍ ഇടതുപക്ഷം പയറ്റിയിരുന്ന തന്ത്രമാണ് മമത പിന്തുടരുന്നത്. ബംഗാളില്‍ ഭരണം ഇപ്പോള്‍ ഒരാളില്‍ ചുരുങ്ങിയിരിക്കുകയാണ്. ആരുമായി കൂടിയാലോചന പോലും നടത്താതെയാണ് മമത ബംഗാളില്‍ ഭരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. 

'എന്തുചെയ്യണമെന്നാണോ ആഗ്രഹിക്കുന്നത് അത് ചെയ്തുകൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്. ബംഗാളില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ എന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്നാലെ ഞങ്ങള്‍ ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നോക്കി കണ്ടോളൂ'-രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com