മോദിയോട് നേര്‍ക്കുനേര്‍ പോരാടാന്‍ തമിഴ്‌നാട്ടില്‍ നിന്ന് 110 കര്‍ഷകര്‍; വാരണാസിയില്‍ പത്രിക സമര്‍പ്പിക്കും 

ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ ഒരുങ്ങി 110 കര്‍ഷകര്‍
മോദിയോട് നേര്‍ക്കുനേര്‍ പോരാടാന്‍ തമിഴ്‌നാട്ടില്‍ നിന്ന് 110 കര്‍ഷകര്‍; വാരണാസിയില്‍ പത്രിക സമര്‍പ്പിക്കും 

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ ഒരുങ്ങി 110 കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നതിലുളള പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ നിന്നുളള കര്‍ഷകര്‍ മോദിക്കെതിരെ മത്സരിക്കുന്നത്.

ദേശീയ തെന്നിന്ത്യ നദീഗള്‍ ഇനയ്പ്പ് സംഗമത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നുളള 111 കര്‍ഷകരാണ് മത്സരരംഗത്തുളളത്. തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംപിടിച്ചില്ലായെങ്കില്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. വാരണാസിയിലേക്കുളള ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനിടെയാണ് കര്‍ഷകര്‍ പ്രതികരിച്ചത്. 

ഏപ്രില്‍ 24ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്്. ഉപജ്ജീവനമാര്‍ഗം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിഷേധത്തില്‍ മോദി സര്‍ക്കാര്‍ മൗനം പാലിച്ചതിലുളള മറുപടിയായാണ് മത്സരിക്കുന്നതെന്ന് സംഗമം പ്രസിഡന്റ് അയ്യാക്കണ്ണ് വ്യക്തമാക്കി. വാരണാസിയില്‍ മെയ് 19നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് വാരണാസി മണ്ഡലം ജനവിധി തേടുന്നത്. 

2017ല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാല്‍ തങ്ങളെ കാണാനോ  പ്രശ്‌നങ്ങള്‍  കേള്‍ക്കാനോ മോദി തയ്യാറാകാതിരുന്നതാണ് മത്സരിക്കാനുളള തീരുമാനത്തിനുളള കാരണം. വര്‍ള്‍ച്ചയില്‍ വലഞ്ഞ കര്‍ഷകര്‍ക്കായി 40000 കോടി രൂപയുടെ ആശ്വാസം പ്രഖ്യാപിക്കണമെന്നതായിരുന്നു കര്‍ഷകരുടെ മുഖ്യ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ അനിശ്ചിതകാല സമരമാണ് അയ്യാക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയത്. എന്നാല്‍ 1740 കോടി രൂപയുടെ നാമമാത്രമായ ധനസഹായം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com