അഭ്യൂഹങ്ങള്‍ക്ക് വിരാമം; വരുണ്‍ ഗാന്ധി ബിജെപിയില്‍ തന്നെ; 39 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു 

കോണ്‍ഗ്രസില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, വരുണ്‍ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി പിലിബിത്തില്‍ നിന്ന് ജനവിധി തേടും
അഭ്യൂഹങ്ങള്‍ക്ക് വിരാമം; വരുണ്‍ ഗാന്ധി ബിജെപിയില്‍ തന്നെ; 39 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു 

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, വരുണ്‍ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി പിലിബിത്തില്‍ നിന്ന് ജനവിധി തേടും. ഇന്ന് ബിജെപിയില്‍ ചേര്‍ന്ന നടി ജയപ്രദ രാംപൂരില്‍ നിന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നും മത്സരിക്കും. ഇതടക്കം ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും 39 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. 

ഉത്തര്‍പ്രദേശില്‍ എതിരാളികളെ ഞെട്ടിച്ചു പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവമായിരുന്നു. പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ 'രണ്ടാം തുറുപ്പുചീട്ട്' എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിച്ചിരുന്നത്. സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെട്ടതില്‍ അസ്വസ്ഥനായിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമ്മ മേനകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുണ്‍ നിഷേധിച്ചിരുന്നു. 

മേനക ഗാന്ധിക്കും ജയപ്രദയ്ക്കും പുറമേ റീത്ത ബഹുഗുണ ജോഷിയും സ്ഥാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചു. അലഹബാദില്‍ നിന്നുമാണ് റീത്ത ബഹുഗുണ ജോഷി ജനവിധി തേടുന്നത്. ജഗദാംബിക പാല്‍ ഡോമരിയഗാനില്‍ നിന്നും മത്സരിക്കുമെന്നും പട്ടിക വ്യക്തമാക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com