ദക്ഷിണേന്ത്യയില്‍ മോദിക്ക് പന്തിയല്ല കാര്യങ്ങള്‍; തമിഴ്‌നാട്ടില്‍ പിന്തുണ 2.2 ശതമാനം മാത്രം, കേരളത്തില്‍ 7.7, കൈവിടാതെ വടക്കന്‍ സംസ്ഥാനങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ബിജെപിക്ക് ദക്ഷിണേന്ത്യ അത്ര എളുപ്പമല്ല എന്ന് വ്യക്തമാക്കുന്നതാണ് സി വോട്ടര്‍ സര്‍വ്വേ
ദക്ഷിണേന്ത്യയില്‍ മോദിക്ക് പന്തിയല്ല കാര്യങ്ങള്‍; തമിഴ്‌നാട്ടില്‍ പിന്തുണ 2.2 ശതമാനം മാത്രം, കേരളത്തില്‍ 7.7, കൈവിടാതെ വടക്കന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരാണെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ബിജെപിക്ക് ദക്ഷിണേന്ത്യ അത്ര എളുപ്പമല്ല എന്ന് വ്യക്തമാക്കുന്നതാണ് സി വോട്ടര്‍ സര്‍വ്വേ. ഉത്തേരന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും മോദിയുടെ പിന്നില്‍ അണിനിരക്കുമ്പോള്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് ജനപ്രീതി കുറവാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലാണ് മോദിക്ക് ഏറ്റവുമധികം ജനപിന്തുണ. സര്‍വ്വേയില്‍ ജാര്‍ഖണ്ഡില്‍ നിന്നും പങ്കെടുത്തവരില്‍ 74 ശതമാനം പേരും മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. മോദിയുടെ ജന്മ നാടായ ഗുജറാത്തില്‍ നിന്നും പോലും 54 ശതമാനം പേര്‍ മാത്രം സംതൃപ്തി രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് മോദിയോടുളള ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വര്‍ധിച്ച പിന്തുണ. അതേസമയം അടുത്തിടെ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ട മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, എന്നി സംസ്ഥാനങ്ങളില്‍ മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജസ്ഥാനില്‍ 68 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഇത് യഥാക്രമം 64 ശതമാനവും 63 ശതമാനവുമാണ്. പൗരത്വ ബില്ലിന്റെ പേരില്‍ ബിജെപിക്കെതിരെ പ്രതിഷേധം ആളിക്കത്തിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മോദിയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ സംസ്ഥാനമായ അസമില്‍ 54 ശതമാനം പേരും മോദിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു.

ബംഗാളില്‍ 43 ശതമാനവും, ഉത്തര്‍പ്രദേശില്‍ 43.9 ശതമാനവുമാണ് മോദിയുടെ ജനപ്രീതി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍പ്രദേശ് തൂത്തുവാരിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിയമസഭ തെരഞ്ഞെടുപ്പിലും താമര വിരിഞ്ഞു. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മോദിയുടെ വ്യക്തിപ്രഭാവത്തിലും മങ്ങലേല്‍പ്പിച്ചുവെന്ന് സി വോട്ടര്‍ സര്‍വ്വേ പറയുന്നു. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മോദിക്ക് തിരിച്ചടിയാണ്. സര്‍വ്വേയില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുളളവരില്‍ 2.2 ശതമാനം പേര്‍ മാത്രമാണ് മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇത് 7.7 ശതമാനം മാത്രമാണ്. കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ ഇത് യഥാക്രമം 38, 37, 23 ശതമാനം എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com