മോദി ദക്ഷിണേന്ത്യയിലേക്കില്ല?; ബംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2019 10:48 AM |
Last Updated: 26th March 2019 10:48 AM | A+A A- |

ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും/പിടിഐ
ന്യൂഡല്‍ഹി/ ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ മോദി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്നു മത്സരിക്കാന്‍ സാധ്യത മങ്ങി. മോദി മത്സരിക്കുമെന്നു കരുതിയിരുന്ന ബംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കര്‍ണാടക യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി തേജസ്വി സൂര്യയാണ് ബംഗളൂരു സൗത്തില്‍ കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദിനെ നേരിടുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാരാണസിക്കു പുറമേ വഡോദരയില്‍നിന്നായിരുന്നു മോദി ജനവിധി തേടിയത്. വന്‍ ഭൂരിപക്ഷത്തിനു ജയിച്ചെങ്കിലും വഡോദര ഒഴിവാക്കി മോദി വാരാണസി നിലനിര്‍ത്തുകയായിരുന്നു. ഇക്കുറി വാരാണസിക്കു പുറമേ ദക്ഷണിന്ത്യയിലെ ഒരു മണ്ഡലത്തില്‍ക്കൂടി മോദി മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. ഇതിനായി ബംഗളൂരു സൗത്ത് പരിഗണിക്കുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മോദി ദക്ഷിണേന്ത്യയിലേക്ക് എത്തുമെന്ന ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പാര്‍ട്ടി ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായ തേജസ്വി സൂര്യ ഇവിടെ മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. 1996 മുതല്‍ അന്തരിച്ച മുതിര്‍ന്ന നേതാവ് എച്ച്എന്‍ അനന്തകുമാര്‍ ജയിച്ച മണ്ഡലമാണ് ബംഗളൂരു സൗത്ത്. മോദി എത്തുമെന്ന വാര്‍ത്തകള്‍ വരുംമുമ്പ് അനന്തകുമാറിന്റെ ഭാര്യ തേജസ്വിനിയാണ് ഇവിടെ പരിഗണിക്കപ്പെട്ടിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്നു മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയും ദക്ഷിണേന്ത്യയില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്ന ആള്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരേപോലെ ജനകീയന്‍ ആവണമെന്ന വാദമാണ് രണ്ടിടത്തും സ്ഥാനാര്‍ഥിത്വം വേണമെന്നു പറയുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്.