മോദിയുടെ ചിത്രമുള്ള ബോര്‍ഡിങ് പാസുകള്‍ വേണ്ട; പെരുമാറ്റച്ചട്ടം ലംഘിക്കാനില്ലെന്ന് ഗോ എയര്‍, പാസുകള്‍ പിന്‍വലിച്ചു

പ്രധാനമന്ത്രിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയുടെ ചിത്രവും പാസില്‍ അച്ചടിച്ചിരുന്നു. ഇത്തരം പാസുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാറ്റുന്നതെന്ന്
മോദിയുടെ ചിത്രമുള്ള ബോര്‍ഡിങ് പാസുകള്‍ വേണ്ട; പെരുമാറ്റച്ചട്ടം ലംഘിക്കാനില്ലെന്ന് ഗോ എയര്‍, പാസുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബോര്‍ഡിങ് പാസുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം 'ഗോ എയര്‍' നീക്കംചെയ്തു. ബോര്‍ഡിങ് പാസുകളില്‍ ജനുവരിയില്‍ കഴിഞ്ഞ വൈബ്രന്റ് ഗുജറാത്തിന്റെ വിവരങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രം സഹിതം ഉള്‍ക്കൊള്ളിച്ചിരുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 

പ്രധാനമന്ത്രിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയുടെ ചിത്രവും പാസില്‍ അച്ചടിച്ചിരുന്നു. ഇത്തരം പാസുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാറ്റുന്നതെന്ന്  ഗോഎയര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയും കഴിഞ്ഞ ദിവസം ഈ പരസ്യമുള്ള ബോര്‍ഡിങ് പാസുകള്‍ ഒഴിവാക്കിയിരുന്നു. 'വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്' നടന്ന സമയത്തെ പേപ്പര്‍ സ്‌റ്റോക്കിരുന്നത് അബദ്ധത്തില്‍ ഉപയോഗിച്ച്  പോയതാണെന്നും ഗോ എയര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡിങ് പാസ് തനിക്ക് ലഭിച്ചിരുന്നതായി കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ ടിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com