രാഹുലിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍! അമേഠിയില്‍ പാര്‍ട്ടിക്കുള്ളില്‍ പട?

പാര്‍ട്ടിയോട് അങ്ങേയറ്റം കൂറ് പുലര്‍ത്തി നിന്ന തന്നെയും കുടുംബത്തെയും തീര്‍ത്തും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന്‌ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമ
രാഹുലിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍! അമേഠിയില്‍ പാര്‍ട്ടിക്കുള്ളില്‍ പട?

ഫൈസാബാദ്:  അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിക്കെതിരെ പ്രാദേശിക നേതാവിന്റെ മകന്‍ ഹാജി ഹാറൂണ്‍ റഷീദ് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകനാണ് ഹാറൂണ്‍. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പത്രികകളില്‍ നാമനിര്‍ദ്ദേശകനായി ഒപ്പിട്ടിട്ടുള്ള ആളാണ് ഹാജി സുല്‍ത്താന്‍ ഖാന്‍. 

പാര്‍ട്ടിയോട് അങ്ങേയറ്റം കൂറ് പുലര്‍ത്തി നിന്ന തന്നെയും കുടുംബത്തെയും തീര്‍ത്തും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന്‌ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാറൂണ്‍ തുറന്നടിച്ചു. പ്രദേശത്തെ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടുമോയെന്ന കാര്യത്തിലും തനിക്ക് സംശയമുണ്ടെന്നും ഹാറൂണ്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ അത്ര സിംപിളല്ല കാര്യങ്ങളെന്നും ദീര്‍ഘകാലം പാര്‍ട്ടിപ്രവര്‍ത്തകരെ അവഗണിച്ചത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അതിശയിക്കേണ്ടെന്നും ഹാറൂണ്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഇക്കുറി മണ്ഡലം പിടിച്ചടക്കാന്‍ ഉറച്ചാണ് സ്മൃതി ഇറാനിയുടെ നീക്കം. അതിനിടയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന പൊട്ടിത്തെറികള്‍ രാഹുലിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. രാജീവ് ഗാന്ധി തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള കാര്യപ്രാപ്തി രാഹുലിന് ഇല്ലെന്ന തോന്നല്‍ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടെന്നും ഹാറൂണ്‍ പറയുന്നു.

കാലങ്ങളായി ഗാന്ധി കുടുംബത്തിന്റെ ഉറച്ച സീറ്റാണ് അമേഠി. 1980 ല്‍ സഞ്ജയ് ഗാന്ധി,1981, 84, 89, 91 വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധി പിന്നീട് സോണിയ  ഗാന്ധി 2004 മുതല്‍ രാഹുല്‍ എന്നിങ്ങനെയായിരുന്നു അമേഠി ലോക്‌സഭയില്‍ എത്തിച്ചവരുടെ നിര. ഗാന്ധി കുടുംബത്തെ കൈവെടിഞ്ഞ ചരിത്രം ഇതുവരെ അമേഠിക്കില്ലെങ്കിലും പ്രാദേശിക ഭിന്നത രൂക്ഷമാകുകയാണെങ്കെില്‍ രാഹുലിന് കടുത്ത മത്സരമാവും നേരിടേണ്ടി വരികയെന്നത് ഉറപ്പാണ്. മെയ് ആറിനാണ് അമേഠിയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com