ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി സ്‌കൂളില്‍ പോവാന്‍ മടിക്കും; ഗിരിരാജ് സിങ് ബെഗുസരായി ഒഴിവാക്കുന്നതിനെ പരിഹസിച്ച് കനയ്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2019 10:16 AM  |  

Last Updated: 26th March 2019 10:16 AM  |   A+A-   |  

giriraj_kanaiya

 

പറ്റ്‌ന: ഹോം വര്‍ക്ക് ചെയ്യാത്ത കുട്ടി സ്‌കൂളില്‍ പോകാന്‍ മടിക്കുന്നതുപോലെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് ബെഗുസരായിയില്‍ മത്സരിക്കാന്‍ മടിക്കുന്നതെന്ന് സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍. പാകിസ്ഥാനിലേക്കു സൗജന്യമായി ആളുകളെ കയറ്റി അയയ്ക്കുന്നതിനു പേരുകേട്ട ബിജെപി നേതാവ് ബെഗുസരായിയില്‍ വരാന്‍ മടിക്കുകയാണെന്ന് കനയ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നരേന്ദ്രമോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോവണമെന്നാണ് 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഈ നേതാവു പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് പ്രധാനമന്ത്രിയുടെ പറ്റ്‌ന റാലിയില്‍ പങ്കെടുക്കാത്തവര്‍ ദേശദ്രോഹികള്‍ ആണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നേതാവു തന്നെ ആ റാലിക്കെത്തിയില്ല. ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോവാന്‍ മടിക്കുന്ന ഒരു മരുമകന്‍ എനിക്കുണ്ട്. അവന്‍ പക്ഷേ അധ്യാപനെ പാകിസ്ഥാനിലേക്ക് അയയ്ക്കണം എന്നൊന്നും പറയാറില്ല- കനയ്യ പോസ്റ്റില്‍ പരിഹസിച്ചു.

നവാഡയില്‍നിന്നു ബെഗുസരായിയിലേക്കു മാറ്റിയതിന് ഗിരിരാജ് സിങ് ബിജെപി നേതൃത്വത്തിനു നേരെ കലാപക്കൊടി ഉയര്‍ത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. പഴയ മണ്ഡലം തന്നെ നല്‍കണമെന്നാണ് ഗിരിരാജ് സിങ് ബിജെപി നേതൃത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.