പ്രധാനമന്ത്രിക്ക് 'നാടക ദിനാശംസകള്‍' നേര്‍ന്ന് രാഹുല്‍ ഗാന്ധി; അത് കോണ്‍ഗ്രസ് തുടങ്ങിവെച്ച ദൗത്യം

ലോക തിയേറ്റര്‍ ദിനത്തില്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം
പ്രധാനമന്ത്രിക്ക് 'നാടക ദിനാശംസകള്‍' നേര്‍ന്ന് രാഹുല്‍ ഗാന്ധി; അത് കോണ്‍ഗ്രസ് തുടങ്ങിവെച്ച ദൗത്യം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക തിയേറ്റര്‍ ദിനത്തില്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ച ദൗത്യമാണ് പൂര്‍ത്തിയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് ഉച്ചയോടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബഹിരാകാശരംഗത്തെ ചരിത്രനേട്ടം മോദി വിശദീകരിച്ചത്. ഇതിന് പിന്നാലെ ആകാംക്ഷയുടെ മുള്‍മുനയില്‍ മിനിറ്റുകളോളം രാജ്യത്തെ നിര്‍ത്തിയ മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. വീണ്ടും ഒരു നോട്ടുനിരോധനം പ്രഖ്യാപിക്കുമോ എന്ന തരത്തിലുളള നിരവധി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളുമായി മോദി എത്തിയപ്പോള്‍ ആശങ്കയുടെ നിഴലില്‍ നിന്ന ജനങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തിയത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളാണ്. പിന്നീട് ഈ നെടുവീര്‍പ്പുകള്‍ മോദിയെ  പരിഹസിക്കുന്നതിലേക്ക് വഴിമാറി. തുടര്‍ന്നായിരുന്നു കുറിക്കുകൊളളുന്ന പ്രതികരണവുമായി രാഹുല്‍ എത്തിയത്.

ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍, മോദിയെ വിമര്‍ശിക്കാനുളള ഒരു അവസരമായും ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു. ഡിആര്‍ഡിഒയുടെ സേവനത്തില്‍ അഭിമാനം കൊളളുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പിന്നീട് കുറിച്ച വാചകത്തിലാണ് മോദിക്ക് നേരെയുളള വിമര്‍ശനം.

മാര്‍ച്ച് 27 ആയ ഇന്ന് ലോക തിയേറ്റര്‍ ദിനമായി ആചരിക്കുകയാണ്. മോദിയുടെ നാടകം എന്ന പരോക്ഷ അര്‍ത്ഥത്തില്‍ ഇന്നേദിവസം മോദിക്ക് ആശംസകള്‍ നേര്‍ന്നാണ് രാഹുലിന്റെ പരിഹാസം. രാഹുലിന്റെ പരിഹാസം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. 

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലുളള മോദിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇത് അനവസരത്തിലായി പോയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com