ബിജെപി പറഞ്ഞത് ശരി....; കോണ്‍ഗ്രസിന്റെ ക്ഷേമ പദ്ധതിയെ വിമര്‍ശിച്ച് മായാവതി 

വാഗ്ദാനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേ പോലെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി
ബിജെപി പറഞ്ഞത് ശരി....; കോണ്‍ഗ്രസിന്റെ ക്ഷേമ പദ്ധതിയെ വിമര്‍ശിച്ച് മായാവതി 

ലക്‌നൗ:  വാഗ്ദാനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേ പോലെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. ഇരുവരും ഒരേ തൂവല്‍ പക്ഷികളാണ് എന്ന് വിമര്‍ശിച്ച മായാവതി ദാരിദ്ര്യം അകറ്റാന്‍ വാഗ്ദാനങ്ങള്‍ നല്‍കി രണ്ട് പാര്‍ട്ടികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ ഈ മുദ്രാവാക്യങ്ങള്‍ ഒന്നുമല്ലാതായി തീരുന്നതായും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഗരീബി ഹഠാവോ മുദ്രാവാക്യം കബളിപ്പിക്കല്‍ ആണെന്നാണ് ബിജെപിയുടെ വാദം. ഇത് ശരിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും തെരഞ്ഞെടുപ്പിന് ശേഷം ഇവ നടപ്പാകാതിരിക്കുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നതു മാത്രമാണ് ബിജെപിയുടെ  രീതിയെന്നും മായാവതി കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ ഇരു പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണ്. ദരിദ്രജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ ഹനിക്കുകയാണ് ഇരുവരും ചെയ്യുന്നതെന്നും മായാവതി പറഞ്ഞു. 

ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ജനങ്ങളെ വഞ്ചിക്കുന്ന പദ്ധതിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഇരുവരെയും വിമര്‍ശിച്ച് മായാവതി രംഗത്തുവന്നത്.

ഉത്തര്‍പ്രദേശില്‍ ബിഎസ്പി- എസ്പി സഖ്യത്തിന് വെല്ലുവിളിയായി കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com