'മിഷന്‍ ശക്തി' ചട്ടലംഘനം നടത്തിയോ?; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും; മോദിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം നല്‍കാന്‍ നിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും
'മിഷന്‍ ശക്തി' ചട്ടലംഘനം നടത്തിയോ?; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും; മോദിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. മോദിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. മോദിയുടെ പദ്ധതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

ദേശ സുരക്ഷയേയും ദുരന്ത നിവാരണത്തേയും സംബന്ധിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് കീഴില്‍ വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി നേരന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് മിഷന്‍ ശക്തിയെപ്പറ്റി പ്രഖ്യാപിച്ചത്. മൂന്നുമിനിറ്റിനുളളില്‍ താഴ്ന്ന ഭ്രമണപഥത്തിലുളള ഉപഗ്രഹത്തെ തകര്‍ക്കാനുളള പരീക്ഷണദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. 

ഉപഗ്രഹവേധ മിസൈല്‍ രംഗത്ത് അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ നാലാമത് എത്തി. ബഹിരാകാശ വന്‍ശക്തികളുടെ സംഘത്തില്‍ ഇന്ത്യയും പ്രവേശിച്ചു. മിഷന്‍ ശക്തി എന്ന പേരിലായിരുന്നു പരീക്ഷണ ദൗത്യം. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചുളള പരീക്ഷണം മൂന്നുമിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്തിരുന്ന ഉപഗ്രഹത്തെയാണ് മിസൈല്‍ തകര്‍ത്തതെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, സാങ്കേതികവിദ്യയുടെ മുന്നേറ്റം എന്നി രംഗങ്ങളില്‍ മിഷന്‍ ശക്തി ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആന്റി സാറ്റലൈറ്റ് മിസൈല്‍ കൂടുതല്‍ കരുത്ത് പകരും. മറ്റു രാജ്യങ്ങള്‍ക്ക് എതിരെ തങ്ങളുടെ നേട്ടം ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള പ്രതിരോധ സംവിധാനം മാത്രമാണിത്. ബഹിരാകാശ രംഗം ആയുധമത്സരത്തിന് വേദിയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പരീക്ഷണം വഴി ഒരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് ഇത് ഒരു ചരിത്രനിമിഷമാണ്. ഇതില്‍ ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിമാനം കൊളളുന്നു. കര,നാവിക,വ്യോമ എന്നി രംഗങ്ങള്‍ക്ക് അപ്പുറം ബഹിരാകാശമേഖലയിലും ഇന്ത്യ വന്‍ ശക്തിയാണെന്ന് തെളിയിച്ചു. ഇന്ത്യയെ കരുത്തുറ്റ രാജ്യമാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോദി നന്ദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com