മോദി അതിന്റെയും ക്രെഡിറ്റ് അടിച്ചെടുത്തു; നടത്തിയത് പെരുമാറ്റ ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മമത

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി
മോദി അതിന്റെയും ക്രെഡിറ്റ് അടിച്ചെടുത്തു; നടത്തിയത് പെരുമാറ്റ ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഇന്ന് മോദി നടത്തിയ 'മിഷന്‍ ശക്തി' പദ്ധതി മറ്റൊരു നാടകമാണെന്നും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. 

കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിക്കേണ്ടതിന്റെ അടിയനന്തര സാഹചര്യമില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന ബിജെപി ബോട്ടിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇത്. ഞങ്ങള്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും- മമത പറഞ്ഞു.

പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2012ല്‍ ആരംഭിച്ചതാണെന്നും എല്ലായിപ്പോഴും ചെയ്യുന്നതുപോലെ മോദി അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണെന്നും മമത പറഞ്ഞു. ഇന്ത്യയുടെ പദ്ധതികള്‍ കാലങ്ങളായി ലോകനിലവാരം പുലര്‍ത്തുന്നതാണ്. നമ്മുടെ ശാസ്ത്രജ്ഞരില്‍ നമ്മള്‍ അഭിമാനിക്കുന്നവരുമാണെന്നും അവര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. ലോക തിയേറ്റര്‍ ദിനത്തില്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ച ദൗത്യമാണ് പൂര്‍ത്തിയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് ഉച്ചയോടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബഹിരാകാശരംഗത്തെ ചരിത്രനേട്ടം മോദി വിശദീകരിച്ചത്. ഇതിന് പിന്നാലെ ആകാംക്ഷയുടെ മുള്‍മുനയില്‍ മിനിറ്റുകളോളം രാജ്യത്തെ നിര്‍ത്തിയ മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. വീണ്ടും ഒരു നോട്ടുനിരോധനം പ്രഖ്യാപിക്കുമോ എന്ന തരത്തിലുളള നിരവധി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളുമായി മോദി എത്തിയപ്പോള്‍ ആശങ്കയുടെ നിഴലില്‍ നിന്ന ജനങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തിയത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളാണ്. പിന്നീട് ഈ നെടുവീര്‍പ്പുകള്‍ മോദിയെ പരിഹസിക്കുന്നതിലേക്ക് വഴിമാറി. തുടര്‍ന്നായിരുന്നു കുറിക്കുകൊളളുന്ന പ്രതികരണവുമായി രാഹുല്‍ എത്തിയത്.

ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍, മോദിയെ വിമര്‍ശിക്കാനുളള ഒരു അവസരമായും ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു. ഡിആര്‍ഡിഒയുടെ സേവനത്തില്‍ അഭിമാനം കൊളളുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പിന്നീട് കുറിച്ച വാചകത്തിലാണ് മോദിക്ക് നേരെയുളള വിമര്‍ശനം.

മാര്‍ച്ച് 27 ആയ ഇന്ന് ലോക തിയേറ്റര്‍ ദിനമായി ആചരിക്കുകയാണ്. മോദിയുടെ നാടകം എന്ന പരോക്ഷ അര്‍ത്ഥത്തില്‍ ഇന്നേദിവസം മോദിക്ക് ആശംസകള്‍ നേര്‍ന്നാണ് രാഹുലിന്റെ പരിഹാസം. രാഹുലിന്റെ പരിഹാസം സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com