വടകരയും വയനാടും ഇല്ല; കോണ്‍ഗ്രസ് പതിനാലാമത് പട്ടിക പുറത്തിറക്കി; കാത്തിരിപ്പ്

വയനാടും വടകരയും പതിനാലാം പട്ടികയിലും ഇടംപിടിച്ചില്ല - ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് എഐസിസി പ്രഖ്യാപിച്ചത്
വടകരയും വയനാടും ഇല്ല; കോണ്‍ഗ്രസ് പതിനാലാമത് പട്ടിക പുറത്തിറക്കി; കാത്തിരിപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പതിനാലാമത് സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു. വയനാടും വടകരയും പതിനാലാം പട്ടികയിലും ഇടംപിടിച്ചില്ല. 31 സ്ഥാനാര്‍ത്ഥികളെയാണ് പതിനാലാമത് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് എഐസിസി പ്രഖ്യാപിച്ചത്. ഗുജറാത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളെയും രാജസ്ഥാനില്‍  പത്തൊന്‍പത് സ്ഥാനാര്‍ത്ഥികളെയും ഉത്തര്‍പ്രദേശില്‍ ആറ് സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.

പതിനാലാമത് പട്ടികയില്‍ വയനാടും വടകരയും ഉള്‍പ്പെടുമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ രണ്ടിടത്തെയും സ്ഥാനാര്‍ത്ഥിത്വത്തിന് എഐസിസി അംഗീകാരം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് തീരുമാനം വൈകുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത് ആരംഭിച്ചിട്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത എഐസിസി നടപടിയില്‍ പ്രവര്‍ത്തകരും ആശങ്കയിലാണ്.

രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം സ്വന്തം പ്രചാരണത്തില്‍ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുല്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ സജീവമാണ്.

വടകര മണ്ഡലത്തില്‍ കെ മുരളീധരന്‍ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കള്‍ പ്രഖ്യാപനം നടത്തിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരന്‍ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിര്‍ദ്ദേശവും എഐസിസി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com