51 ദിവസം; 150 റാലി; റോഡ് ഷോ; വീണ്ടും രാജ്യം പിടിക്കുമോ മോദി

റോഡ് ഷോയെ കൂടാതെ അന്‍പത്തിയൊന്നു ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി 150 റാലികളില്‍ പങ്കെടുക്കും 
51 ദിവസം; 150 റാലി; റോഡ് ഷോ; വീണ്ടും രാജ്യം പിടിക്കുമോ മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞടുപ്പ് റാലികള്‍ക്ക് ഇന്ന് തുടക്കമായി. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു ആദ്യറാലി. വിവിധ സംസ്ഥാനങ്ങളിലായി 51 ദിവസത്തിനിടെ 150 റാലികളിലാണ് മോദി പങ്കെടുക്കുക. ഇതുകൂടാതെ റോഡ് ഷോകളിലും മോദി പങ്കെടുക്കും. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ രാഹുലും, പ്രിയങ്കയും ഏതാണ്ട് നൂറ് റാലികളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മീറത്തിലെ തെരഞ്ഞടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മോദി നടത്തിയത്. രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസ് രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം ദാരിദ്ര്യം തുടച്ചുനീക്കാനാവില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് പാവപ്പെട്ടവര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സൈന്യത്തിന് ആധുനിക യുദ്ധോപകരണങ്ങള്‍ നല്‍കിയത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. രാജ്യത്തെ സൈന്യത്തെ കോണ്‍ഗ്രസ് സംശയിക്കുകയാണെന്നും മോദി പറഞ്ഞു.

ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള മിന്നലാക്രമണമാണ് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

ഈ മാസം 31നകം ജമ്മുകശ്മീര്‍, ഒഡീഷ, അസം, ബംഗാള്‍, അരുണാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

യുപി, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും റാലികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. യുപിയില്‍ 20 റാലികളിലും ബംഗാളിലും ബിഹാറിലും 10 വീതം റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എട്ട് മാസം കൊണ്ട് 425 റാലികളില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ രാജ്യത്തുടനീളം 150 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com