കര്‍ത്താപൂര്‍ ഇടനാഴി: പാകിസ്ഥാനുമായുളള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ നിയോഗിച്ച പ്രതിനിധി സംഘത്തില്‍ ഖാലിസ്ഥാന്‍ വിഘനവാദി നേതാക്കളും
കര്‍ത്താപൂര്‍ ഇടനാഴി: പാകിസ്ഥാനുമായുളള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ നിയോഗിച്ച പ്രതിനിധി സംഘത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദി
നേതാക്കളും. ഇതില്‍ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക അറിയിച്ചു. പ്രതിഷേധസൂചകമായി ഏപ്രില്‍ രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി.

കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാകിസ്ഥാന്റെ നിലപാട് ഇന്ത്യ ആരാഞ്ഞു. കര്‍ത്താപൂര്‍ ഇടനാഴിയുടെ അടിസ്ഥാനസൗകര്യം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് അട്ടാരിയില്‍ പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ ഇന്ത്യ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതുസംബന്ധിച്ച നിലപാടാണ് ഇന്ത്യ പാകിസ്ഥാനോട് ആരാഞ്ഞത്.

ഈ വിഷയത്തില്‍ പാകിസ്ഥാന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നതിനുളള അടുത്ത കൂടിയാലോചന സംബന്ധിച്ച സമയക്രമം അറിയിക്കാമെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട നടപടിക്രമം തീരുമാനിക്കുന്നതിന് ഏപ്രില്‍ രണ്ടിന് വീണ്ടും യോഗം ചേരാന്‍ ഇന്ത്യയും പാകിസ്ഥാനും നേരത്തെ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ നിര്‍ദിഷ്ട സമയത്ത് ചര്‍ച്ച നടക്കാനുളള സാധ്യത കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ത്താപൂര്‍ ഇടനാഴിയുടെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കാന്‍ സാങ്കേതിക വിദഗ്ധരുടെ യോഗം സംഘടിപ്പിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ പകുതിയോടെ ഇത് നടത്തണമെന്നായിരുന്നു കഴിഞ്ഞ യോഗത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശം. ഇടനാഴിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

കര്‍ത്താപൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്നത് ഇന്ത്യയിലെ വിശ്വാസികളുടെ നീണ്ടക്കാലത്തെ ആവശ്യമാണ്. ഇവര്‍ക്ക് സുരക്ഷിതമായി സന്ദര്‍ശനം നടത്താന്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് സിക്ക് മതവിശ്വാസികളുടെ ആത്മീയാചാര്യനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊളളുന്ന കര്‍ത്താപൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് ഇടനാഴി സ്ഥാപിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com