ദക്ഷിണേന്ത്യയെ തളളിക്കളയാതെ രാഹുല്‍; മത്സരിക്കുന്ന കാര്യത്തില്‍ പ്രിയങ്കയ്ക്ക് തീരുമാനിക്കാം 

അമേഠിക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ തളളാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
ദക്ഷിണേന്ത്യയെ തളളിക്കളയാതെ രാഹുല്‍; മത്സരിക്കുന്ന കാര്യത്തില്‍ പ്രിയങ്കയ്ക്ക് തീരുമാനിക്കാം 

ന്യൂഡല്‍ഹി: അമേഠിക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ തളളാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നി സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും അടുപ്പത്തിനും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് ഉടന്‍ തന്നെ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് തീരുമാനിക്കാമെന്നും രാഹുല്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിരവധി പാര്‍ട്ടി നേതാക്കള്‍ ഒന്നിലധികം സീറ്റില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. താന്‍ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ഉടന്‍ തന്നെ തീരുമാനമെടുക്കും. എങ്കിലും അമേഠിയാണ് തന്റെ കര്‍മ്മഭൂമി, അതുകൊണ്ട് തന്നെ താന്‍ അവിടെ തന്നെ ഉണ്ടായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലോ കര്‍ണാടകത്തിലോ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കണമെന്നാണ് ഇരുസംസ്ഥാനങ്ങളിലെയും പാര്‍ട്ടി യൂണിറ്റുകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം തളളാതെയാണ് തന്റെ കര്‍മ്മഭൂമി അമേഠിയാണ് എന്ന് രാഹുല്‍ പറഞ്ഞത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ അതോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രിയങ്കയാണെന്ന് സഹോദരി മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും തുടരുന്ന ഒരു പ്രക്രിയയാണ്. നിലവില്‍ ഇതുവരെ 300 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായും രാഹുല്‍ പറഞ്ഞു. 

മുതിര്‍ന്ന പ്രവര്‍ത്തകരും യുവത്വവും പാര്‍ട്ടിക്ക് ആവശ്യമാണ്. ഇരു വിഭാഗവും പാര്‍ട്ടിക്ക് അനിവാര്യമാണ് എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com