പ്രതിഷേധം കടുത്തു; 'ചൗക്കീദാര്‍' കപ്പുകള്‍ റയില്‍വെ പിന്‍വലിച്ചു

വിവാദമായ 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ ചായക്കപ്പുകള്‍ ഇന്ത്യന്‍ റയില്‍വെ പിന്‍വലിച്ചു.
പ്രതിഷേധം കടുത്തു; 'ചൗക്കീദാര്‍' കപ്പുകള്‍ റയില്‍വെ പിന്‍വലിച്ചു


ന്യൂഡല്‍ഹി: വിവാദമായ 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ ചായക്കപ്പുകള്‍ ഇന്ത്യന്‍ റയില്‍വെ പിന്‍വലിച്ചു. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മോദിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 'ചൗക്കീദാര്‍' കപ്പുകളും പിന്‍വലിച്ചിരിക്കുന്നത്. 
ശതാബ്ദി ട്രെയിനില്‍ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവല്‍ക്കാരന്‍ എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് റെയില്‍വേ ചായക്കപ്പുകള്‍ പിന്‍വലിച്ചത്.


തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ചായക്കപ്പുകള്‍ പിന്‍വലിച്ച് കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കിയെന്ന് റയില്‍വെ അറിയിച്ചു. കാഠ്‌ഗോദാം ശതാബ്ദി എക്‌സ്പ്രസ്സിലാണ് ചായക്കപ്പുകള്‍ വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഈ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 


'ഇന്നാണ് സംഭവമുണ്ടായത്. പക്ഷെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗ്ലാസ്സുകള്‍ പിന്‍വലിച്ചു. കരാറുകാരന് പിഴ ചുമത്തിയിട്ടുണ്ട്. സൂപ്പര്‍വൈസറിനെതിരേയും നടപടി കൈക്കൊണ്ടിട്ടുണ്ട്', റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു. ഐആര്‍സിടിസിയുടെ അനുമതിയില്ലാതെ ഇത്തരം കപ്പുകള്‍ ഇറക്കാന്‍ കഴിയില്ലെന്നതു കൊണ്ട് തന്നെ പാന്‍ട്രി ചുമതലയുള്ള സൂപ്പര്‍വൈസറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com