സൈനികർക്ക് മോശം ഭക്ഷണം : പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ മോദിക്കെതിരെ മൽസരത്തിന്

സൈന്യത്തിലെ അഴിമതി വെളിച്ചത്തുകൊണ്ടുവരികയാണ് തന്റെ പോരാട്ടത്തിന്റെ ലക്ഷ്യം
സൈനികർക്ക് മോശം ഭക്ഷണം : പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ മോദിക്കെതിരെ മൽസരത്തിന്

ന്യൂഡൽഹി : സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട ബി എസ് എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വാരണാസിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് തേജ് ബഹാദൂർ മൽസരിക്കുക. വാരാണസിയിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.

ഹരിയാനയിലെ റിവാരി സ്വദേശിയാണ് തേജ് ബഹദൂര്‍ യാദവ് . നിരവധി രാഷ്ട്രീയപാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ട്. എന്നാൽ   വാരാണസിയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിക്കുമെന്നും തേജ് ബഹാദൂർ പറഞ്ഞു. സൈന്യത്തിലെ അഴിമതി വെളിച്ചത്തുകൊണ്ടുവരികയാണ് തന്റെ പോരാട്ടത്തിന്റെ ലക്ഷ്യം. 

സൈനീകരുടെ പേരില്‍ വോട്ടു ചോദിക്കുന്ന നരേന്ദ്രമോദി അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധ സൈനീക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തു എന്നത് തുറന്ന് കാട്ടാനാണ് മത്സരിക്കുന്നതെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവിപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമുക്ത ഭടന്മാരുടെയും കർഷകരുടെയും പിന്തുണയോടെയാകും തന്റെ പ്രചാരണമെന്നും തേജ് ബഹാദൂർ പറഞ്ഞു. ജമ്മുകശ്മീരിൽ ബിഎസ്എഫ് ജവാനായി സേവനം അനുഷ്ഠിക്കവെ 2017 ലാണ് തേജ് ബഹാദൂർ യാദവ് സൈന്യത്തിന് നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് ഫെയ്സ്ബുക്ക് വീഡിയോ ഇട്ട് പരാതിപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ സൈന്യത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com