അമേഠിയില്‍ രാഹുല്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം; കോണ്‍ഗ്രസ് പ്രസിഡന്റ് എന്തിന് കേരളത്തിലേക്ക് രക്ഷപ്പെടുന്നു?: അമിത് ഷാ 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
അമേഠിയില്‍ രാഹുല്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം; കോണ്‍ഗ്രസ് പ്രസിഡന്റ് എന്തിന് കേരളത്തിലേക്ക് രക്ഷപ്പെടുന്നു?: അമിത് ഷാ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നുവെന്ന് വാട്ട്‌സ് ആപ്പിലുടെയാണ് താന്‍ അറിയുന്നത്. അമേഠിയെ പിന്നിലാക്കിയാണ് രാഹുല്‍ വയനാട് തെരഞ്ഞെടുത്തത്. എന്തിന് രാഹുല്‍ കേരളത്തിലേക്ക് രക്ഷപ്പെടുന്നുവെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ അമിത് ഷാ ചോദിച്ചു.

അമേഠിയില്‍ രാഹുല്‍ ഗാന്ധി ചെയ്തിട്ടുളള കാര്യങ്ങള്‍ ഈസമയത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രീയധ്രുവീകരണത്തിലുടെ വിജയിക്കാനാണ് രാഹുല്‍ കേരളത്തിലേക്ക് പോകുന്നതെന്നും അമിത് ഷാ പറഞ്ഞു. 

മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാവും എന്നതാണ് സൂചിപ്പിക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത് അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി ഞങ്ങള്‍ ഇത് കാണുന്നു. വയനാട്ടിലെ ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും മലപ്പുറത്താണ്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്, പൊതുവില്‍ അവരാണ് ജയിക്കുന്നത്. മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാവും എന്നതാണ് സൂചിപ്പിക്കുന്നത്. 

എന്‍ഡിഎ ശക്തമായി രാഹുല്‍ ഗാന്ധിയെ നേരിടും. ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കും. യുഡിഎഫും എല്‍ഡിഎഫും ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രത്തില്‍ ചേക്കേറാന്‍ രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com