ജനങ്ങളോടുള്ള സ്‌നേഹമാണ് ദേശീയത; ബിജെപിയുടെ പ്രവൃത്തിയില്‍ അതില്ല: പ്രിയങ്ക ഗാന്ധി

ദേശീയതയുടെ അര്‍ത്ഥം ജനങ്ങളോടുള്ള സ്‌നേഹവും ആദരവുമാണെന്നും ബിജെപിയുടെ പ്രവൃത്തിയില്‍ അത് കാണാനില്ലെന്നും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ജനങ്ങളോടുള്ള സ്‌നേഹമാണ് ദേശീയത; ബിജെപിയുടെ പ്രവൃത്തിയില്‍ അതില്ല: പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: ദേശീയതയുടെ അര്‍ത്ഥം ജനങ്ങളോടുള്ള സ്‌നേഹവും ആദരവുമാണെന്നും ബിജെപിയുടെപ്രവൃത്തിയില്‍ അത് കാണാനില്ലെന്നും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇതു പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 23ന് ജനങ്ങള്‍ അവരുടെ വേദനയ്ക്കും ദേഷ്യത്തിനുമുള്ള മറുപടി മോദിക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു. 

'രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ദേശീയതയുടെ അര്‍ത്ഥം. ഏത് രാഷ്ട്രീയ നേതാവായാലും ഏത് സര്‍ക്കാരായാലും ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാണം, ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം, ജനങ്ങളുടെ ശബ്ദത്തെ ബലപ്പെടുത്തുന്നയിടങ്ങളെ ശക്തിപ്പെടുത്തണം. അവരെ ദുര്‍ബലപ്പെടുത്തുകയല്ല വേണ്ടത്.അതാണ് ഏറ്റവും വലിയ ദേശസ്‌നേഹം'-പ്രിയങ്ക പറഞ്ഞു. 

ദേശീയതയിലൂന്നിയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് പ്രതികരിക്കുകകായിരുന്നു പ്രിയങ്ക. എവിടെപ്പോയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള ജനവികാരമാണ് താന്‍ കാണുന്നതെന്നും ജനങ്ങള്‍ ഇതിനുള്ള മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. 

മോദിയാണെങ്കിലും മറ്റേത് നേതാവായാലും ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ താത്പര്യപ്പെട്ടില്ലെങങ്കില്‍ ഉറപ്പായും അതിന്റെ പരിണിതഫംലം അനുഭവിക്കേണ്ടിവരുമെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യയെ സംരക്ഷിക്കുന്ന കാര്യത്തില്‍, നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണെന്നും ആശയങ്ങള്‍ തമ്മിലുള്ളപോരാട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഈ തെരഞ്ഞെടുപ്പ് നമ്മളെല്ലാവരും സ്‌നേഹിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാനും ജനാധിപത്യത്തിനും ഭരണകൂടം നശിപ്പിക്കുന്ന ഭരണഘടന സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്'-അവര്‍ പറഞ്ഞു. 

മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാത്തത് പേടിച്ചിട്ടല്ലെന്നും പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണെന്നും, തന്നെയും കുടുംബത്തെയും അപമാനിക്കുന്ന ശൈലി ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക പറഞ്ഞു. 

'അവര്‍ക്കെതിരെ സംസാരിക്കുന്നത് ആരായാലും അവര്‍ വ്യക്തിപരമായി അവഹേളിക്കും, അത് ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂള്‍ ടീച്ചര്‍ ആയാലും ഡല്‍ഹിയിലെ ഒരു പ്രതിപക്ഷ നേതാവായാലും'.- പ്രിയങ്ക പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com