ന്യൂഡല്‍ഹിയില്‍ ജയിച്ചാല്‍ രാജ്യം ഭരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കൗതുകങ്ങള്‍, തലസ്ഥാന മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പം 

1992 ഉപതെരഞ്ഞെടുപ്പ് മുതല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജയിച്ച പാര്‍ട്ടികളാണ് അധികാരത്തില്‍ വന്നത് എന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം
ന്യൂഡല്‍ഹിയില്‍ ജയിച്ചാല്‍ രാജ്യം ഭരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കൗതുകങ്ങള്‍, തലസ്ഥാന മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പം 

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തില്‍ വിജയിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തില്‍ വരുമെന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ അണിയറകളില്‍ കഴിഞ്ഞ കുറെ നാളുകളായി സ്ഥിരം പറയുന്ന പല്ലവിയാണ്. തെരഞ്ഞെടുപ്പ് ചരിത്രമാണ് ഈ വാദത്തിന് ബലമേകുന്ന സംഗതി.

1992 ഉപതെരഞ്ഞെടുപ്പ് മുതല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജയിച്ച പാര്‍ട്ടികളാണ് അധികാരത്തില്‍ വന്നത് എന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം. യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ഇന്ന് ഇത് പാര്‍ട്ടികളുടെ ഇടയില്‍ ഒരു വിശ്വാസമായി മാറിയിരിക്കുകയാണ്. 

1951 ന് ശേഷം 16 ലോക്‌സഭ തെരഞ്ഞെടുപ്പുകളും രണ്ട് ഉപതെരഞ്ഞെടുപ്പുകളുമാണ് നടന്നത്. ഇതില്‍ പതിമൂന്ന് തവണയും ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജയിച്ച പാര്‍ട്ടികളാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണ ഈ ട്രെന്‍ഡ് തുടരുമോ എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെങ്കിലും, ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുളള പ്രചാരണ പരിപാടികളാണ് എല്ലാ പാര്‍ട്ടികളും നടത്തിവരുന്നത്.

ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലെ ഏറ്റവും പഴക്കം ചെന്ന മണ്ഡലമാണ് ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലം. സമ്പന്നരും, മധ്യവര്‍ഗമായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്നതാണ് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍. 

 2014ല്‍ ബിജെപിയുടെ മീനാക്ഷി ലേഖി 4.50 ലക്ഷം വോട്ടുകള്‍ നേടിയാണ് ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ബിജെപി അധികാരത്തില്‍ വരുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് മാക്കന് 1.82 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് കേതന് 2.90 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. 2009ലും 2004ലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. ഈ രണ്ടുതവണയും കോണ്‍ഗ്രസിന്റെ അജയ്മാക്കാനാണ് ഇവിടെ നിന്നും വിജയിച്ചത്.

1998, 1999 തെരഞ്ഞെടുപ്പുകളിലും ഈ ചരിത്രം ആവര്‍ത്തിച്ചു.ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. രണ്ടുതവണയും ബിജെപിയുടെ ജഗ്‌മോഹന് അനുകൂലമായ വിധിയാണുണ്ടായത്.1996ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജഗ് മോഹനെയാണ് ജനം ജയിപ്പിച്ചു വിട്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ ബിജെപി തന്നെയാണ് അന്നും ഭരണത്തില്‍ വന്നത്. 13 ദിവസം മാത്രമാണ് അന്ന് വാജ്‌പേയ് സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുളളു.

1991 തെരഞ്ഞെടുപ്പില്‍ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. അന്ന് ബിജെപിയുടെ എല്‍ കെ അദ്വാനിയൊടൊപ്പമായിരുന്നു മണ്ഡലം. എന്നാല്‍ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ ഗാന്ധിനഗറിലും അദ്വാനി വിജയം ആവര്‍ത്തിച്ചതിനാല്‍, ന്യൂഡല്‍ഹി സീറ്റ് ഒഴിഞ്ഞു. തുടര്‍ന്ന് 1992ല്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ രാജേഷ് ഖന്ന വിജയിച്ചു. അന്ന് ബിജെപിയുടെ ശത്രുഘ്‌നന്‍ സിന്‍ഹയെയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്.

1992 ന് മുമ്പുളള 9 തെരഞ്ഞെടുപ്പുകളും ഒരു ഉപതെരഞ്ഞെടുപ്പും പരിശോധിച്ചാല്‍ പൂര്‍ണമായി ഈ ട്രെന്‍ഡല്ലെന്ന് മനസിലാകും. ആറു തവണ മാത്രമാണ് ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചവരുടെ പാര്‍ട്ടികള്‍ക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിച്ചത്. 

1951ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 364 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. അന്ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചില്ല. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ സുചേത കൃപലാനിയാണ് അന്ന് വിജയിച്ചത്. 1957ലും സുചേത കൃപലാനി തന്നെയാണ് വിജയിച്ചതെങ്കിലും , കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇവര്‍ മത്സരിച്ചത്.

1961ല്‍ ഭാരതീയ ജനസംഘിന്റെ ബല്‍റാജ് മധോക്കാണ് വിജയിച്ചത്. അന്ന് കോണ്‍ഗ്രസാണ് അധികാരത്തില്‍ വന്നത്. 62ലും 71ലും 84ലും കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. അന്നെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളൊടൊപ്പമായിരുന്നു ന്യൂഡല്‍ഹി മണ്ഡലം. 1977ല്‍ വാജ്‌പേയിക്കും 1989ല്‍ അദ്വാനിക്കും അനുകൂലമായാണ് ഈ മണ്ഡലം വിധിയെഴുതിയത്. 1989ല്‍ രാജ്യം ഭരിച്ച നാഷണല്‍ ഫ്രണ്ടിന്റെ ഭാഗമായിരുന്നു ബിജെപി. വി പി സിങായിരുന്നു അന്നത്തെ പ്രധാനമന്ത്രി. 1967ലും 1980ലും ചരിത്രം മറിച്ചായിരുന്നു. കോണ്‍ഗ്രസാണ് ഭരണത്തിലേറിയതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളാണ് ഇവിടെ വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com