പ്രജ്ഞാ സിങ്ങിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി വിവാദ പരാമര്‍ശങ്ങളുടെ പേരില്‍

ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി
പ്രജ്ഞാ സിങ്ങിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി വിവാദ പരാമര്‍ശങ്ങളുടെ പേരില്‍

ന്യൂഡല്‍ഹി; ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദപരാമര്‍ശങ്ങളുടെ പേരിലാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍നിന്ന് 72 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി. 

വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രജ്ഞ വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇതൊന്നും തൃപ്തികരമല്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടെടുക്കുകയായിരുന്നു. പരാമര്‍ശങ്ങള്‍ പ്രകോപനങ്ങളുണ്ടാക്കുന്നതാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസില്‍ വ്യക്തമാക്കി. മേയ് 2ന് രാവിലെ ആറ് മണിക്കാണ് വിലക്ക് ആരംഭിക്കുക. തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്കു പൊതുയോഗങ്ങള്‍, റാലി, റോഡ്‌ഷോ, അഭിമുഖം എന്നിവയിലൊന്നും പങ്കെടുക്കാന്‍ സാധിക്കില്ല.

മുംബൈ മുന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ മരിച്ചതു തന്റെ ശാപം കാരണമാണെന്നായിരുന്നു സാധ്വിയുടെ അവകാശവാദം. വിവാദമായതോടെ അടുത്ത ദിവസം തന്നെ അവര്‍ ഇതില്‍ ഖേദം പ്രകടിപ്പിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിലുള്ള തന്റെ പങ്കില്‍ അഭിമാനം കൊള്ളുന്നുവെന്നായിരുന്നു അടുത്ത വിവാദത്തിലായ പ്രസ്താവന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com