ബുര്‍ഖ നിരോധിക്കുന്നെങ്കില്‍ ഹിന്ദുക്കളുടെ ശിരോവസ്ത്രവും വിലക്കണം : ജാവേദ് അക്തര്‍ 

സമാനമായ ആചാരമായ ഘൂന്‍ഖട്ട് കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജാവേദ് അക്തര്‍ ആവശ്യപ്പെട്ടു
ബുര്‍ഖ നിരോധിക്കുന്നെങ്കില്‍ ഹിന്ദുക്കളുടെ ശിരോവസ്ത്രവും വിലക്കണം : ജാവേദ് അക്തര്‍ 

ഭോപ്പാല്‍ : ദേശസുരക്ഷയെക്കരുതി ബുര്‍ഖ നിരോധിച്ചാല്‍, ഉത്തരേന്ത്യയിലുള്ള ഘൂന്‍ഖട്ട് സമ്പ്രദായം കൂടി നിരോധിക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. രാജ്യത്ത് മുഖാവരണം (ബുര്‍ഖ) നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജാവേദ് അക്തര്‍. 

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബുര്‍ഖ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നാല്‍ എനിക്ക് അതിനോട് എതിര്‍പ്പോ, വിയോജിപ്പോ ഇല്ല. എന്നാല്‍ രാജസ്ഥാനില്‍ നിലവിലുള്ള സമാനമായ ആചാരമായ ഘൂന്‍ഖട്ട് കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജാവേദ് അക്തര്‍ ആവശ്യപ്പെട്ടു. 

രാജസ്ഥാനിലെ ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ മുഖം മറച്ച് നടക്കുന്ന ആചാരമാണ് ഘൂന്‍ഖട്ട്. രാജസ്ഥാനില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, അതിന് മുമ്പ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഘൂന്‍ഖട്ടും വേണ്ട, ബുര്‍ഖയും വേണ്ട. 

ബുര്‍ഖയെക്കുറിച്ച് വളരെക്കുറച്ച് അറിവ് മാത്രമേ എനിക്കുള്ളൂ. എന്റെ വീട്ടിലെ സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണ്. അവരാരും ബുര്‍ഖ ധരിക്കുന്നത് കണ്ടിട്ടില്ല. മതപരമായ ആചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന രാജ്യമാണ് ഇറാഖ്. എന്നാല്‍ അവിടെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നില്ലെന്ന് ജാവേദ് അക്തര്‍ വ്യക്തമാക്കി. 

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് രാജ്യത്ത് ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലങ്കയ്ക്ക് പുറമെ, ഇന്ത്യയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തും ബുര്‍ഖ നിരോധിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നത്. സിരിസേനയുടെ പാത പിന്തുടരാന്‍ ശിവസേന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com