അത് രഹസ്യരേഖകളല്ല, പ്രധാനമന്ത്രിയുടേത് 'നിരീക്ഷണം' മാത്രം ; റഫാലില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

കുറഞ്ഞവിലയ്ക്കാണ് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
അത് രഹസ്യരേഖകളല്ല, പ്രധാനമന്ത്രിയുടേത് 'നിരീക്ഷണം' മാത്രം ; റഫാലില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കേണ്ടതില്ല. പരാതിക്കാര്‍ സമര്‍പ്പിച്ചത് രഹസ്യരേഖകളല്ല. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്നും പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. കുറഞ്ഞവിലയ്ക്കാണ് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

13 പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുരോഗതി വിലയിരുത്തിയിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ ഇത് ഇടപാടില്‍ ഫ്രഞ്ച് കമ്പനിയുമായുള്ള സമാന്തര ചര്‍ച്ചയാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രി ഇടപെട്ടത് രഹസ്യചര്‍ച്ചയല്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 


ഇടപാടുമായി ബന്ധപ്പെട്ട നടപടികളെല്ലാം സുതാര്യമാണ്. റഫാലുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും നിരീക്ഷിച്ചിരുന്നതായി പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

പ്രതിരോധത്തെയും രാജ്യസുരക്ഷയെയും സംബന്ധിച്ച തീരുമാനമെടുക്കാനുള്ള പരമാധികാരത്തെയാണ് പരാതിക്കാര്‍ ചോദ്യം ചെയ്യുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അനാവശ്യകാര്യങ്ങളിലേക്ക് വലിച്ചിഴച്ച് വിവാദം ഉണ്ടാക്കാനാണ് പരാതിക്കാര്‍ ശ്രമിക്കുനന്തെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫാല്‍ ഇടപാടിനെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജി നല്‍കിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com