പുതപ്പ് മൂടി കത്തുന്ന വീടിനുള്ളില്‍ കയറി, ഗ്യാസ് സിലിണ്ടറുമായി പുറത്തേക്ക്; എസ് ഐയുടെ ധീരതയ്ക്ക് കയ്യടി

തന്റെ സുരക്ഷ പോലും നോക്കാതെയുള്ള സബ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ് കുമാര്‍ ദീക്ഷിതിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
പുതപ്പ് മൂടി കത്തുന്ന വീടിനുള്ളില്‍ കയറി, ഗ്യാസ് സിലിണ്ടറുമായി പുറത്തേക്ക്; എസ് ഐയുടെ ധീരതയ്ക്ക് കയ്യടി

ഗ്രേറ്റര്‍ നോയിഡ; കത്തിക്കൊണ്ടിരിക്കുന്ന വീടിന് ഉള്ളില്‍ കയറി ഗ്യാസ് സിലണ്ടര്‍ പുറത്തെത്തിച്ച് സബ് ഇന്‍സ്‌പെക്ടര്‍. ഉത്തര്‍പ്രദേശിലാണ് സംഭവമുണ്ടായത്. പൊലീസുകാരന്റെ നടപടി വലിയ അപകടമാണ് ഒഴിവാക്കിയത്. പുതപ്പുകൊണ്ട് ശരീരം മൂടിയാണ് വീടിനുള്ളില്‍ കയറി പൊലീസ് ഉദ്യോഗസ്ഥന്‍ ഗ്യാസ് സിലിണ്ടര്‍ എടുത്ത് പുറത്തേക്ക് വരികയായിരുന്നു. തന്റെ സുരക്ഷ പോലും നോക്കാതെയുള്ള സബ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ് കുമാര്‍ ദീക്ഷിതിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഗ്രേറ്റര്‍ നോയിഡയിലെ അലംഖാനി മേഖലയിലുള്ള ബിലാസ്പുര്‍പുരിലെ ഒരു വീടിന് തീ പിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയതിന് തുടര്‍ന്ന് പൊലീസും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി. അതിനിടെയാണ് വീടിനുള്ളില്‍ മുഴുവന്‍ കുറ്റി ഗ്യാസ് സിലണ്ടറുണ്ടെന്ന് ഒരാള്‍ അറിയിച്ചത്. സിലിണ്ടറിന് തീപിടിച്ചാലുണ്ടാകുന്ന അപകടം മനസിലാക്കിയ ഇന്‍സ്‌പെക്ടര്‍ ഉടന്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് ഒരു പുതപ്പ് സംഘടിപ്പിച്ച് വീടിനുള്ളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പുറത്തെടുക്കുകയായിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു ഇന്‍സ്‌പെക്ടറുടെ സാഹസം. 

തുടര്‍ന്ന് പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് വീടിന്റെ തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. നിരവധി പേരാണ് അഖിലേഷ് കുമാര്‍ ദീക്ഷിതിന് പ്രശ്‌സയുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com