ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ; ബംഗ്ലാദേശിലും കനത്ത നാശം

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 
ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ; ബംഗ്ലാദേശിലും കനത്ത നാശം

കൊല്‍ക്കത്ത : ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ആയി ഉയര്‍ന്നു. ഒഡീഷയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 14 പേരും മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പുരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗാളിലെത്തിയപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നു. കാറ്റിലും മരങ്ങള്‍ കടപുഴകി വീണും നിരവധി വീടുകള്‍ നശിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും താറുമാറായി. അതിനിടെ, വടക്കുകിഴക്കൻ മേഖലയിലേക്കുള്ള 59 വിമാനസർവീസുകൾ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ റദ്ദാക്കി. 

ഫോനി ഭീതിയെത്തുര്‍ന്ന് അടച്ചിട്ട കൊല്‍ക്കത്ത വിമാനത്താവളം തുറക്കുകയും, വിമാന സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും കനത്ത കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ച ഒഡീഷയില്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 

ഫോനി ചുഴലിക്കാറ്റിന്‍രെ പശ്ചാത്തലത്തില്‍ ആസാമിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസാമിലും നിരവധി വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.  ബ്രഹ്മപുത്ര നദിയില്‍ രണ്ടു ദിവസത്തേക്ക് ബോട്ട് സര്‍വീസുകള്‍ വിലക്കി. ആരും നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്ന ഫോനി ബംഗ്ലാദേശിലും വന്‍നാശം വിതച്ചു. ചുഴലിക്കാറ്റില്‍ ബംഗ്ലാദേശില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. കാറ്റിന്‍രെ ശക്തി കുറഞ്ഞതിനാല്‍ വന്‍ നാശം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഷംസുദ്ദീന്‍ അഹമ്മദ് പറഞ്ഞു. 

രാജ്യത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 12 ലക്ഷം ജനങ്ങളെ 4000 ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയിരുന്നു. 500 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com