ബംഗാളിനേയും വിറപ്പിച്ച് ഫോനി; കനത്തമഴയും വെള്ളപ്പൊക്കവും; വിമാനത്താവളം അടച്ചു, ട്രെയ്‌നുകള്‍ റദ്ദാക്കി

ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങിയത്. ഇതുവരെ പത്ത്  മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ബംഗാളിനേയും വിറപ്പിച്ച് ഫോനി; കനത്തമഴയും വെള്ളപ്പൊക്കവും; വിമാനത്താവളം അടച്ചു, ട്രെയ്‌നുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത; ഒഡീഷ തീരത്തെ വിറപ്പിച്ച ഫോനി ചുഴലിക്കാറ്റ് ബംഗാളിലും തുടര്‍ന്ന് വടക്കു കിഴക്കന്‍ മേഖലകളിലും വീശി.  അര്‍ധരാത്രിയോടെയാണ് ഫോനി ബംഗാളിന്റെ കരതൊട്ടത്. അപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായിരുന്നു. ഖരഖ്പൂരില്‍ ആദ്യം വീശിയ ഫോനി ഹൂഗ്ലി ജില്ലയിലെത്തിയതോടെ വേഗത 40 കിലോമീറ്ററായി ചുരുങ്ങി.

തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി.  കൊല്‍ക്കത്തയടക്കമുള്ള പ്രധാനനഗരങ്ങളില്‍  കനത്തമഴ തുടരുകയാണ്. ഖരഖ്പൂരിലും ബര്‍ദ്വാനിലും  കനത്തമഴയെ തുടര്‍ന്ന് വെള്ളംപൊങ്ങി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി. 

ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങിയത്. ഇതുവരെ പത്ത്  മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും വൈദ്യുതി മുടങ്ങി.പേമാരിയില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. തീര്‍ത്ഥാടന നഗരമായ പുരി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. പത്ത് ലക്ഷത്തിലേറെപ്പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇവരില്‍ 600 ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.

മണിക്കൂറില്‍ 185 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് കെട്ടിടങ്ങളും വീടുകളും വന്‍മരങ്ങളും കടപുഴക്കി. കാറ്റിനൊപ്പം അതിശക്തമായ മഴയും കൂടിയെത്തിയതോടെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  1999 ലെ സൂപ്പര്‍ ചൂഴലിക്കാറ്റിന് ശേഷം ഇതാദ്യമായാണ് ഒഡീഷയില്‍ ഇത്ര ശക്തിയേറിയ ചുഴലിക്കാറ്റ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com