തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണം: പ്രജ്ഞ സിങിന് നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണം: പ്രജ്ഞ സിങിന് നോട്ടീസ്

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയിലാണ് നോട്ടീസയച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു, അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിലാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ 72 മണിക്കൂര്‍ നേരത്തെ പ്രചാരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രജ്ഞ വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇതൊന്നും തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുക്കുകയായിരുന്നു. പരാമര്‍ശങ്ങള്‍ പ്രകോപനങ്ങളുണ്ടാക്കുന്നതാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസില്‍ വ്യക്തമാക്കി. 

'കഴിഞ്ഞ ദിവസവും ഞാനത് പറഞ്ഞതാണ്. ഇനിയും ഞാനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കും. അത് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണ്' ഇതായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.

നേരത്തെ, മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായ പ്രജ്ഞയുടെ പ്രസ്താവനയ്ക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. ''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്''ഇതായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com