മമതയ്ക്ക് നേരെ 'ജയ് ശ്രീറാം' വിളികള്‍ ; ക്ഷുഭിതയായി മുഖ്യമന്ത്രി ; ഇവിടെ തന്നെ താമസിക്കണമെന്ന് ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത് ( വീഡിയോ)

അവരെന്തിനാണ് ജയ്ശ്രീറാം വിളിയെ ഭയക്കുന്നത്. പശ്ചിമ ബംഗാളില്‍ ഈ വാക്കുകള്‍ നിയമവിരുദ്ധമാണോ എന്ന് ബിജെപി
മമതയ്ക്ക് നേരെ 'ജയ് ശ്രീറാം' വിളികള്‍ ; ക്ഷുഭിതയായി മുഖ്യമന്ത്രി ; ഇവിടെ തന്നെ താമസിക്കണമെന്ന് ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത് ( വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ജയ്ശ്രീറാം വിളികള്‍. ആരാംബാഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് മമതയ്ക്ക് നേരെ ഒരുപറ്റം ആളുകള്‍ ജയ്ശ്രീറാം വിളികള്‍ മുഴക്കിയത്. ചന്ദ്രകോണ പട്ടണത്തില്‍ മമതയുടെ വാഹനവ്യൂഹം എത്തിയപ്പോഴാണ് ജയ്ശ്രീറാം വിളികള്‍ മുഴങ്ങിയത്.

ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട മമത, കാറിന് വെളിയിലിറങ്ങി. മമത പുറത്തിറങ്ങിയതും അതുവരെ ജയ്ശ്രീറാം മുഴക്കിയവര്‍ നിശബ്ദരായി. 'നിങ്ങളെന്തിനാണ് ഓടുന്നത്. എന്നെ പലതും വിളിച്ചിട്ട്, ഹരിദാസ്' എന്ന് മമത പിറുപിറുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രദേശവാസികളിലൊരാള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. 

ബംഗാളികള്‍ക്കിടയിലെ സാങ്കല്‍പിക കഥാപാത്രമാണ് ഹരിദാസ് പാല്‍. അറിവും കുലീനത്വമുള്ള കഥാപാത്രമാണെങ്കിലും സ്വയം മഹാനെന്ന മിഥ്യാബോധമുള്ള ആളുകളെ കളിയാക്കാനാണ് പൊതുവെ ഹരിദാസ് എന്ന് വിളിക്കുന്നത്. 

പിന്നീട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെ സംഭവം മമത പരാമര്‍ശിച്ചു. തനിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ താന്‍ ഭയപ്പെടില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷവും ഇവര്‍  ബംഗാളില്‍ തന്നെ ഉണ്ടാകുമെന്നത് ഓര്‍ത്താല്‍ നന്നെന്നും മമത താക്കീത് നല്‍കി.

സംഭവത്തിനു ശേഷം മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഞായറാഴ്ച ഇവരെ വിട്ടയച്ചതായും, മുഖ്യമന്ത്രിക്ക് നേരെ ജയ്ശ്രീറാം വിളിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

ജയ്ശ്രീറാം വിളികേട്ട് മുഖ്യമന്ത്രി ക്ഷുഭിതയാകുന്ന വീഡിയോ വൈറലായതിന് പിന്നാലെ, പ്രതികരണവുമായി ബിജെപി രംഗത്തെത്തി. 'ജയ്ശ്രീറാം വിളിയെന്നത് അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നതാണെന്നാണ് അവരുടെ വിചാരം. അവരെന്തിനാണ് ജയ്ശ്രീറാം വിളിയെ ഭയക്കുന്നത്. പശ്ചിമ ബംഗാളില്‍ ഈ വാക്കുകള്‍ നിയമവിരുദ്ധമാണോ. ആദ്യം ഇതാണ് അവര്‍ തീരുമാനിക്കേണ്ടത്', ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

വീഡിയോക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ബിജെപി കടുത്ത നിരാശയിലാണ്.  നിരാശയിലാണ്ട ബിജെപിയുടെ തറവേലയാണ് വീഡിയോയും കള്ളപ്രചാരണവും. ബംഗാളിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞു. ഇത് അവര്‍ക്ക് അറിയാം. മെയ് 23 ന് ശേഷം ബിജെപിക്ക് സംസ്ഥാനത്ത് ഒളിക്കാന്‍ പോലും സ്ഥലം ഉണ്ടാകില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com