വോട്ടെടുപ്പിനിടെ വ്യാപക അക്രമം ; കശ്മീരില്‍ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനം ; ബംഗാളില്‍ ബോംബേറ് ;  ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ബാരക് പൂരില്‍ പോളിഗ് ബൂത്തിന് നേര്‍ക്ക് ബോംബെറിഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് പരിക്കേറ്റു
വോട്ടെടുപ്പിനിടെ വ്യാപക അക്രമം ; കശ്മീരില്‍ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനം ; ബംഗാളില്‍ ബോംബേറ് ;  ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്


കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിലും ജമ്മുകശ്മീരിലും അക്രമം. കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനമുണ്ടായി. പോളിംഗ് ബൂത്തിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുല്‍വാമ ജില്ലയിലെ റഹ്മൂ ഏരിയയിലാണ് സംഭവം. പുല്‍വാമയിലെ ത്രാല്‍ ഏരിയയിലെ മറ്റൊരു പോളിംഗ് ബൂത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. 

പശ്ചിമബംഗാളിലും വോട്ടെടുപ്പിനിടെ അക്രമവും സംഘര്‍ഷവുമുണ്ടായി. ബാരക് പൂരില്‍ പോളിഗ് ബൂത്തിന് നേര്‍ക്ക് ബോംബെറിഞ്ഞു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ മറ്റുള്ളവരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. 

സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് പരിക്കേറ്റു. തൃണമൂല്‍ ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ച് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് അര്‍ജുന്‍ സിംഗ് ആരോപിച്ചു. എന്നാല്‍ അര്‍ജുന്‍ സിംഗ് സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു എന്ന് തൃണമൂല്‍ ആരോപിച്ചു. 

സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബരാക്പൂര്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനിടെ ബോന്‍ഗോവനിലെ ബിജെപി സ്ഥാനാര്‍ത്ഥി ശന്തനു താക്കൂറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി ബിജെപി ചിഹ്നം പതിച്ച സ്‌കാര്‍ഫ് ധരിച്ച് വോട്ടുചെയ്യാനെത്തി എന്ന് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മമത ബാല താക്കൂര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത ബാല അറിയിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമാണ് ഇന്ന് നടക്കുന്നത്. വോട്ടെടുപ്പിലെ കുഞ്ഞന്‍ഘട്ടമായ ഇന്ന് 51 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി,  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com