ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ ; വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ; ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

മുസാഫര്‍പൂരില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലക്കാരനായ അവദേഷ് കുമാറിന്റെ മുറിയില്‍ നിന്നാണ് വോട്ടിംഗ് മെഷീനുകള്‍ കണ്ടെടുത്തത്
ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ ; വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ; ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : ബിഹാറിലെ മുസാഫര്‍പൂരില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. ആറ് വോട്ടിംഗ് യന്ത്രങ്ങളും ഒരു വിവിപാറ്റ് മെഷീനുമാണ് മുറിയില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനോട് വരണാധികാരിയായ ജില്ലാ കളക്ടര്‍ വിശദീകരണം തേടി. 

മുസാഫര്‍പൂരില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലക്കാരനായ അവദേഷ് കുമാറിന്റെ മുറിയില്‍ നിന്നാണ് വോട്ടിംഗ് മെഷീനുകള്‍ കണ്ടെടുത്തത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരം ഉപയോഗിക്കാനുള്ള യന്ത്രങ്ങളായിരുന്നു ഇതെന്നും, ഡ്രൈവര്‍ വോട്ടുചെയ്യാന്‍ പോയതിനാല്‍ താന്‍ യന്ത്രങ്ങള്‍ മുറിയിലേക്ക് വെക്കുകയായിരുന്നു എന്നുമാണ് അവദേഷ് കുമാറിന്റെ വിശദീകരണം.

ഹോട്ടല്‍ മുറിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും തടിച്ചുകൂടി. വോട്ടെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചത്. സംഭവസ്ഥലത്തെത്തിയ സബ് ഡിവിഷണല്‍ ഓഫീസര്‍ കുന്ദന്‍കുമാര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. 

സംഭവത്തില്‍ ചുമതലക്കാരനായ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ ഘോഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണ് ഉദ്യോഗസ്ഥന്റെ നടപടി. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. അവദേഷ് കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കളക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com