ഐസിയുവില്‍ വൈദ്യുതി മുടങ്ങി; ഓക്‌സിജന്‍ കിട്ടാതെ മൂന്ന് രോഗികള്‍ മരിച്ചു, ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന്  ആശുപത്രി അധികൃതര്‍

വൈകുന്നരം 5.30 മുതല്‍ രാത്രി 7.15 വരെ ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും
ഐസിയുവില്‍ വൈദ്യുതി മുടങ്ങി; ഓക്‌സിജന്‍ കിട്ടാതെ മൂന്ന് രോഗികള്‍ മരിച്ചു, ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന്  ആശുപത്രി അധികൃതര്‍

മധുര: ആശുപത്രിയിലെ വൈദ്യുതി ബന്ധം രാത്രിയില്‍ നിലച്ചതിനെ തുടര്‍ന്ന് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായി പരാതി. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വൈദ്യുതി ബന്ധം മുടങ്ങിയതോടെ ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് ഇവരുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജി രവീന്ദ്രന്‍, എം മലിങ്ക, പളനിയമ്മാള്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ വൈദ്യുതി ബന്ധം നിലച്ച സമയത്ത് ബാറ്ററി ബാക്കപ്പിലൂടെ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. 

വൈകുന്നരം 5.30 മുതല്‍ രാത്രി 7.15 വരെ ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം ഇടയ്ക്ക് വച്ച് നിന്നുപോയെന്നാണ് ആശുപത്രി ഡീന്‍ പറയുന്നത്. പക്ഷേ രണ്ട് മണിക്കൂര്‍ വരെ വൈദ്യുതിയില്ലെങ്കിലും ബാറ്ററിയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നും വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവര്‍ വാദിക്കുന്നു. വൈകുന്നേരം 6.55 ഓടെ മലിങ്കയും ഏഴ് മണിക്ക് രവീന്ദ്രനും പളനിയമ്മാള്‍ 7 മണി കഴിഞ്ഞയുടനെയുമാണ് മരിച്ചത്. 

രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണ് എന്നുള്ള വാദം തെറ്റാണെന്നും ഹൃദയസ്തംഭനമാണ് മൂവര്‍ക്കും ഉണ്ടായതെന്നും അധികൃതര്‍ അവകാശപ്പെട്ടു. തലയ്ക്ക് ഗുരുതര പരിക്കുകള്‍ ഏറ്റാല്‍ ഹൃദയ സ്തംഭന സാധ്യത കൂടുതലാണെന്നും ആശുപത്രി ഡീന്‍ ആയ ഡോക്ടര്‍ വനിത പറയുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com