മോദി പറയുന്നത് പോലെ രാജീവ് ഗാന്ധി യുദ്ധക്കപ്പലില്‍ ഉല്ലാസ യാത്ര നടത്തിയിട്ടുണ്ടോ?; മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ പറയുന്നു

ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം തളളി മുന്‍ നാവികസേന മേധാവിയും മുന്‍ കമാന്‍ഡിംഗ് ഓഫീസറും
മോദി പറയുന്നത് പോലെ രാജീവ് ഗാന്ധി യുദ്ധക്കപ്പലില്‍ ഉല്ലാസ യാത്ര നടത്തിയിട്ടുണ്ടോ?; മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ പറയുന്നു

മുംബൈ: ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം തളളി മുന്‍ നാവികസേന മേധാവിയും മുന്‍ കമാന്‍ഡിംഗ് ഓഫീസറും.1987ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഔദ്യോഗിക യാത്രയില്‍ പ്രോട്ടക്കോള്‍  കൃത്യമായി പാലിച്ചിരുന്നു എന്ന് കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പസ്‌റിച്ചാ പറഞ്ഞു. വിദേശികളെയോ മറ്റു അഥിഥികളെയോ യാത്രയില്‍ പങ്കെടുപ്പിച്ചിരുന്നില്ലെന്നും വിനോദ് വെളിപ്പെടുത്തി.

ഔദ്യോഗിക പ്രോട്ടോകോള്‍ അനുസരിച്ച് രാജീവ് ഗാന്ധിയും ഭാര്യയും മാത്രമാണ് ഐഎന്‍എസ് വിരാടില്‍ ഉണ്ടായിരുന്നത്. വിദേശികളാരും അന്ന് കപ്പലില്‍ ഉണ്ടായിരുന്നില്ല എന്നും അന്ന് ദക്ഷിണ നാവികസേനയുടെ കമാന്‍ഡര്‍ ആയിരുന്ന മുന്‍ നാവികസേന മേധാവി എല്‍ രാംദാസ് പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് വച്ചാണ് ഇരുവരും വിരാടില്‍ കയറിയത്. ലക്ഷദ്വീപിലേക്കുളള യാത്രയിലായിരുന്നു. ദേശീയ ഗെയിംസിന്റെ പരിപാടിയില്‍ മുഖ്യ അതിഥിയായിട്ടാണ് രാജീവ് ഗാന്ധി തിരുവനന്തപുരത്ത് എത്തിയതെന്നും മുന്‍ നാവിക സേന മേധാവി പറഞ്ഞു.

ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശിച്ചത്. ഐലന്‍ഡ്‌സ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതില്‍ നിന്നും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് മുന്‍ നാവികസേന കമാന്‍ഡര്‍ വി കെ ജയ്റ്റ്‌ലി നടത്തിയത്. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും പതിവായി വിരാടില്‍ യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നാണ് ജയ്റ്റലി വെളിപ്പെടുത്തിയത്. ബങ്കാരം ദ്വീപില്‍ അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ വിരാട് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാവിക സേനയുടെ സൗകര്യങ്ങള്‍ വിപുലമായ തോതില്‍ ഇരുവരും ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് രാജീവ് ഗാന്ധിക്കെതിരെ മോദി പരാമര്‍ശം നടത്തിയത്. രാജീവ് ഗാന്ധി ഒരു പ്രൈവറ്റ് ടാക്‌സി പോലെ വിരാട് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണമാണ് മോദി ഉന്നയിച്ചത്. ബന്ധുക്കളും ഉല്ലാസയാത്രയില്‍ പങ്കെടുത്തിരുന്നതായും മോദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com