സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സാം പിത്രോദ

കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാം പിത്രോദ
സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സാം പിത്രോദ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ. തന്റെ വാക്കുകള്‍ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സാം പിത്രോദ പറഞ്ഞു. സാം പിത്രോദയുടെ അഭിപ്രായത്തെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ നേരത്തേ തള്ളിയിരുന്നു.'ഏതെങ്കിലും വ്യക്തികളിറക്കുന്ന എന്തെങ്കിലും പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. 1984ലെ കലാപത്തിന് മാത്രമല്ല 2002ലെ കലാപത്തിനും നീതി ലഭിക്കണം. ബിജെപിക്ക് നീതിയില്‍ താത്പര്യമില്ല പകരം കലാപത്തെ വരെ വോട്ടിന് വേണ്ടി ദുരുപയോഗിക്കുകയാണ്', കോണ്‍ഗ്രസ്സ് പത്രകുറിപ്പില്‍ ആരോപിച്ചു.

മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും വംശത്തിന്റെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. അതാണ് ഇന്ത്യയുടെ അന്തഃസാരം. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്നാല്‍ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായ നേതാക്കളെ ശിക്ഷിക്കാനുള്ള രാഷ്ട്രീയ ധൈര്യം കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

'അഞ്ച് വര്‍ഷം നിങ്ങളെന്താണ് ചെയ്തതെന്ന് ആദ്യം പറയൂ. 1984ല്‍ അത് സംഭവിച്ചു. അതിനെന്താ. നിങ്ങളെന്താണ് ചെയ്തത്', എന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകള്‍ക്കെതിരേ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com