വ്യോമാതിര്‍ത്തി ലംഘിച്ച് ജോര്‍ജിയന്‍ വിമാനം സൈനിക കേന്ദ്രത്തിന് സമീപം ; നിലത്തിറക്കിച്ച് വ്യോമസേന, അന്വേഷണം

 സഞ്ചാരപാതയില്‍ നിന്നും മാറി 'റാന്‍ ഓഫ് കച്ചി'ലെ സൈനിക കേന്ദ്രത്തിന് സമീപം കൂടിയാണ് വിമാനം പറന്നത്
വ്യോമാതിര്‍ത്തി ലംഘിച്ച് ജോര്‍ജിയന്‍ വിമാനം സൈനിക കേന്ദ്രത്തിന് സമീപം ; നിലത്തിറക്കിച്ച് വ്യോമസേന, അന്വേഷണം

ജയ്പൂര്‍ : വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ജോര്‍ജിയന്‍ വിമാനം ഇന്ത്യന്‍ വ്യോമസേന അടിയന്തരമായി നിലത്തിറക്കിച്ചു. രണ്ട് മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് വിമാനത്തെ യാത്ര തുടരാന്‍ അനുവദിച്ചത്. ജോര്‍ജിയന്‍ തലസ്ഥാനമായ തിബ്‌ലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലാണ് ആന്റൊനോവ് ആന്‍-12 വിമാനം എത്തിച്ചേരേണ്ടിയിരുന്നത്. വൈകുന്നേരം മൂന്നേകാലോടെ  സഞ്ചാരപാതയില്‍ നിന്നും മാറി 'റാന്‍ ഓഫ് കച്ചി'ലെ സൈനിക കേന്ദ്രത്തിന് സമീപം കൂടിയാണ് വിമാനം പറന്നത്.

സൈനിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഈ പാത ഉപയോഗിക്കുന്നത്. അല്ലാതെയുള്ള വ്യോമഗതാഗതം ഇവിടെ നിരോധിച്ചിട്ടുമുണ്ട്. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് റേഡിയോ സന്ദേശങ്ങളയച്ച് പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം ജയ്പൂരില്‍ ഇറക്കിച്ചത്. 

വ്യോമസേനയുടെ വിമാനങ്ങള്‍ എത്തിയതോടെ മാത്രമാണ് ജോര്‍ജിയന്‍ വിമാനം പ്രതികരിക്കാന്‍ തയ്യാറായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നിലത്തിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൈലറ്റുമാരെയും വിമാന ജീവനക്കാരെയും ചോദ്യം ചെയ്തു. കറാച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകേണ്ട വിമാനം സഞ്ചാര പാതമാറ്റി എന്തിനാണ് ഗുജറാത്ത് പരിസരത്തേക്ക് എത്തിയതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 പുല്‍വാമയിലെയും ബലാക്കോട്ടിലെയും ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യാ- പാക് ബന്ധം അത്ര സുഗമമായല്ല നീങ്ങുന്നത്. അതുകൊണ്ട് തന്നെ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്രയില്‍ അതീവ സുരക്ഷ ഉറപ്പ് വരുത്താറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com