ആറാംഘട്ടത്തില്‍ 61 ശതമാനം പോളിംഗ്; ബംഗാളില്‍ 80 ശതമാനം, വ്യാപക അക്രമം

ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹരിയാന, ബീഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി
ആറാംഘട്ടത്തില്‍ 61 ശതമാനം പോളിംഗ്; ബംഗാളില്‍ 80 ശതമാനം, വ്യാപക അക്രമം

ന്യൂഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹരിയാന, ബീഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ബംഗാളിലാണ് കൂടിയ പോളിംഗ്. 80 ശതമാനമാണ് പോളിംഗ്. ബംഗാളില്‍ വ്യാപകമായ ആക്രമണവും നടന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

വൈകി പോളിംഗ് ബൂത്തിലെത്തിയതിനാല്‍ ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍മുഖ്യമന്ത്രിയുമായി ദിഗ് വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ ജാഡ് ഗ്രാം ജില്ലയിലാണ് കഴിഞ്ഞ രാത്രിയില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഡ് ഗ്രാമിലുണ്ടായി ഏറ്റുമുട്ടലില്‍ നിരവധി ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മേദിനിപ്പൂരിലെ കാന്തിയില്‍ തൃണമൂല്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മേദിനിപ്പൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. 

ബാങ്കുടയിലും ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഘട്ടാലിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെ ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. സ്ഥാനാര്‍ഥി ബൂത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഭാരതി ഘോഷിന്റെ സുരക്ഷാ ജീവനക്കാരെന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് തൃണമൂല്‍ പ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. ആയുധധാരിയായ സുരക്ഷാ ഉദ്യോഗസ്ഥനുമായി ബൂത്തില്‍ കടന്ന ഭാരതി ഘോഷിനെതിരെ കേസെടുക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാറു കാരണം ആറാം ഘട്ടത്തിലും വോട്ടെടുപ്പ് വൈകി. തകരാറിലായ ഇവിഎമ്മുകള്‍ വോട്ടെടുപ്പിന് ഉപയോഗിച്ചതിനെതിരെ ആം അദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് ദില്ലിയിലെങ്കിലും തലസ്ഥാനത്തെ വോട്ടര്‍മാരുടേത് തണുപ്പന്‍ പ്രതികരണമായിരുന്നു. ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ട നിരകാണാനായത്. 

രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കൂടാതെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി , കേന്ദ്രമന്ത്രി സുഷമ സ്വരാജ് , ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ , പ്രകാശ് കാരാട്ട് , ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ തുടങ്ങിയ പ്രമുഖര്‍ ഡല്‍ഹിയില്‍ വോട്ടു ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com