എനിക്ക് ചിറകുകള്‍ നല്‍കിയത് അവരാണ്, സ്വതന്ത്രയായി ജീവിക്കാന്‍ പഠിപ്പിച്ചതും; അമ്മയെ ചേര്‍ത്ത് പിടിച്ച് സ്മൃതി ഇറാനിയുടെ കുറിപ്പ്

എനിക്ക് ചിറകുകള്‍ നല്‍കിയത് അവരാണ്, സ്വതന്ത്രയായി ജീവിക്കാന്‍ പഠിപ്പിച്ചതും; അമ്മയെ ചേര്‍ത്ത് പിടിച്ച് സ്മൃതി ഇറാനിയുടെ കുറിപ്പ്

എല്ലാ അമ്മമാര്‍ക്കും ഒരോ സവിശേഷമായ കഴിവുകളുണ്ട്

ന്യൂഡല്‍ഹി: തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ശക്തി തന്റെ അമ്മയാണെന്ന് സ്മൃതി ഇറാനി. പറക്കാന്‍ ചിറകുകള്‍ നല്‍കിയതിനും അങ്ങേയറ്റം സ്വതന്ത്രയായി ജീവിക്കാന്‍ പ്രേരിപ്പിച്ചതിനും അമ്മയോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുര്‍ഘടമായ സാഹചര്യങ്ങാളാവും മുന്നില്‍ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അമ്മ സ്വതന്ത്രയായി ജീവിക്കാന്‍ തീരുമാനിച്ചത്. അമ്മ അവരുടെ കട്ടിലില്‍ ഇരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു മന്ത്രിയുടെ കുറിപ്പ്.

അമ്മ ഇരിക്കുന്നതിന്റെ പിന്നില്‍ കാണുന്ന വൈറ്റ് ബോര്‍ഡില്‍ കാണുന്നതത്രയും ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളാണ്. എന്തെങ്കിലും അമ്മയ്ക്ക് സംഭവിക്കുകയാണെങ്കില്‍ വിളിക്കാനായി എഴുതി വച്ചിരിക്കുന്നതാണ് അവ. എന്തുകൊണ്ടാണ് മക്കളുടെ ആരുടെയും പേര് ആ എമര്‍ജന്‍സി ലിസ്റ്റില്‍ ഇല്ലാത്തത് എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ അമ്മമാരുടെ പേരാണ് എമര്‍ജന്‍സി ലിസ്റ്റില്‍ എഴുതേണ്ടതെന്നും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം വിളിക്കേണ്ട പട്ടികയില്‍ തന്റെ പേര് ചേര്‍ത്തുവയ്ക്കൂവെന്നാണ് അമ്മ പറഞ്ഞതെന്നും സ്മൃതി ഇറാനി എഴുതുന്നു. അമ്മ കടന്നുപോയ ദുര്‍ഘട സമയങ്ങള്‍ അമ്മയെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റിയിട്ടുണ്ടെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

 എല്ലാ അമ്മമാര്‍ക്കും ഒരോ സവിശേഷമായ കഴിവുകളുണ്ട്. എന്റെ അമ്മ എനിക്ക് പറക്കാനുള്ള ചിറകുകള്‍ തന്നു. എന്തെങ്കിലും തെറ്റുപറ്റിയാല്‍ പോലും കൂടെയുണ്ടാകുമെന്നും ചേര്‍ത്തുപിടിക്കുമെന്നും ഉറപ്പ് നല്‍കി. അമ്മയ്ക്കും ലോകമെങ്ങുമുള്ള എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ എന്ന് കൂടി പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com