നെഹ്‌റുവിന്റെ സ്ഥാനത്ത് ജിന്നയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, വിഭജനം സംഭവിക്കുമായിരുന്നില്ല; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി 

വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
നെഹ്‌റുവിന്റെ സ്ഥാനത്ത് ജിന്നയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, വിഭജനം സംഭവിക്കുമായിരുന്നില്ല; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി 

ഭോപ്പാല്‍: നെഹ്‌റുവിന്റെ സ്ഥാനത്ത് മുഹമ്മദ് അലി ജിന്ന ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍, ഇന്ത്യ- പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. 

രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റു നിര്‍ബന്ധബുദ്ധി കാണിക്കാതിരിക്കുകയും, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ , വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഗുമാന്‍ സിങ് ദാമോര്‍ പറഞ്ഞു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുളള വ്യക്തിയുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി നേതാവ് പറഞ്ഞു. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
ദേശീയ സുരക്ഷയും, പാകിസ്ഥാന്‍ വിരുദ്ധതയും പ്രചരണ രംഗത്ത് മുഖ്യവിഷയങ്ങളായി ഉയര്‍ത്തിക്കാണിച്ച് ബിജെപി വോട്ടു തേടുന്നതിനിടെയാണ്, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവന. ഇത് വരും ദിവസങ്ങളില്‍ ബിജെപിക്ക് തലവേദന ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ പുറത്തുവന്ന ഈ വിവാദ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാനുളള സാധ്യതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com