'വിലയാ ഓഫ് ഹിന്ദ്' ; ഇന്ത്യയിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചെന്ന് ഭീകരസംഘടനയായ ഐഎസ്

ഐഎസ് വാർത്താ ഏജൻസിയായ 'അമാഖ്'ആണ് ഈ വിവരം പുറത്തു വിട്ടത്
'വിലയാ ഓഫ് ഹിന്ദ്' ; ഇന്ത്യയിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചെന്ന് ഭീകരസംഘടനയായ ഐഎസ്

ശ്രീനഗർ: ഇന്ത്യയിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ആ​ഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ഇന്ത്യയിൽ 'വിലയാ ഓഫ് ഹിന്ദ്' എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായാണ് ഐഎസ് അറിയിച്ചത്. ഐഎസ് വാർത്താ ഏജൻസിയായ 'അമാഖ്'ആണ് ഈ വിവരം പുറത്തു വിട്ടത്. കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ എസ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

വിലയാ ഓഫ് ഹിന്ദ് എന്നാൽ ഹിന്ദ് പ്രവിശ്യ എന്നാണ് അർത്ഥം. കാശ്‌മീരിൽ ആണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഐഎസിന് ഇനിയും നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്ത് പ്രവിശ്യ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെങ്കിലും അത് പൂർണമായും എഴുതിത്തള്ളാനാവില്ല എന്നാണ് ഇസ്‌ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കൻ സ്ഥാപനമായ സൈറ്റ് ഇന്റൽ ഗ്രൂപ്പിന്റെ വിലയിരുത്തൽ. 

കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപോറയിൽ വെള്ളിയാഴ്‌ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഐഎസ് ബന്ധമുള്ള ഇഷ്‌ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‌ഐഎസിൻരെ പ്രഖ്യാപനം. ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനയ്‌ക്ക് ഐഎസ് നാശമുണ്ടാക്കിയെന്നും അമാഖിന്റെ പ്രസ്‌താവനയിൽ അവകാശപ്പെട്ടു. കാശ്‌മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു എന്ന് സൈനിക വ‌ൃത്തങ്ങൾ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com