'ഞാനിതാ ജയ് ശ്രീറാം വിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ' ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ ( വീഡിയോ)

അനന്തിരവന്‍ പരാജയപ്പെടുമെന്നാണ് മമതയുടെ ഭയം. അതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ
'ഞാനിതാ ജയ് ശ്രീറാം വിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ' ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ ( വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമത ദീദീ, ഞാന്‍ ഇവിടെനിന്ന് ജയ് ശ്രീറം മുഴക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച മമതാബാനര്‍ജിയുടെ നടപടിയെയും അമിത് ഷാ വിമര്‍ശിച്ചു. 'ഇന്ന് മൂന്ന് സ്ഥലങ്ങളിലായിരുന്നു ഞാന്‍ സന്ദര്‍ശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതില്‍ ഒരു മണ്ഡലത്തില്‍ മമതാ ബാനര്‍ജിയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. അനന്തിരവന്‍ പരാജയപ്പെടുമെന്നാണ് മമതയുടെ ഭയം. അതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. 

മമതയുടെ ഭരണത്തില്‍ ദുര്‍ഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും  അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മമത ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നുപോകവെ, നാട്ടുകാര്‍ ജയ്ശ്രീറാം മുഴക്കിയതിനെ തുടര്‍ന്ന് പ്രകോപിതയായി മുഖ്യമന്ത്രി മമത ബാനര്‍ജി കാറില്‍ നിന്നും പുറത്തിറങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മമതയെ കണ്ടതും ജയ്ശ്രീറാം വിളിച്ചവര്‍ ഓടിപ്പോയി. നിങ്ങള്‍ ഓടുന്നതെന്തിന്, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇവിടെയാണ് താമസിക്കേണ്ടതെന്ന് ഓര്‍ക്കണമെന്ന് മമത അഭിപ്രായപ്പെട്ടിരുന്നു.

മമതയുടെ പരാമര്‍ശത്തിനെതിരെ ബംഗാള്‍ ബിജെപിയും രംഗത്തുവന്നിരുന്നു. നേരത്തെ ജാദവ്പൂരില്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനും റോഡ് ഷോ നടത്താനും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com