വലിയ ഒറ്റക്കക്ഷിയാകില്ല ; 140 സീറ്റുവരെ ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വെ; 150 ലേറെ സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ പ്രതിപക്ഷത്തിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം
വലിയ ഒറ്റക്കക്ഷിയാകില്ല ; 140 സീറ്റുവരെ ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വെ; 150 ലേറെ സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്ത്യഘട്ടത്തോട് അടുക്കവെ കോണ്‍ഗ്രസ് അടക്കമുള്ള ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കുകൂട്ടലിലാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് എങ്ങനെ അകറ്റിനിര്‍ത്താം എന്നതും പ്രധാന ചര്‍ച്ചാവിഷയമാണ്. ഇത് മുന്‍നിര്‍ത്തി പ്രാദേശിക കക്ഷി നേതാക്കള്‍ അടക്കം കൂടിക്കാഴ്ച നടത്തി വരികയാണ്.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഏറ്റവും ഒടുവിലത്തെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകില്ല. 120 മുതല്‍ 140 സീറ്റുവരെ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വെ വ്യക്തമാക്കുന്നത്. ബൂത്തുതല കണക്കുകള്‍ അവലോകനം ചെയ്താണ് ഈ കണ്ടെത്തല്‍. 

140 സീറ്റുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഐസിസിയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ആഭ്യന്തര സര്‍വെ ഫലം ഈ നീക്കത്തിന് തിരിച്ചടിയാണ്. എങ്കിലും ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ പ്രതിപക്ഷത്തിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. 

ഇതിനായി പ്രധാനമന്ത്രിപദം വിട്ടുകൊടുത്തുള്ള വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറായേക്കും. പുറത്തുനിന്നുള്ള പിന്തുണ നല്‍കുന്നതിന് പകരം കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയാകാനും സാധ്യതയുണ്ട്. 1996 ല്‍ മൂന്നാംമുന്നണിയെ പുറത്തുനിന്നും പിന്തുണച്ചതിന്റെ ദുരാനുഭവം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. 

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം നിര്‍ദേശിക്കുന്നയാള്‍ക്ക് പിന്തുണ നല്‍കും. ബിഎസ്പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങിയവരെല്ലാം പ്രധാനമന്ത്രി പദമോഹികളാണ്. മുതിര്‍ന്ന നേതാക്കളായ ശരദ് പവാര്‍, മുലായം സിംഗ് യാദവ് തുടങ്ങിയവരും ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നുണ്ട്. അതേസമയം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com