ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രസംഗം വളച്ചൊടിച്ചു; കമലിന്റെ 'ഹിന്ദു തീവ്രവാദി' പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന കമല്‍ ഹാസന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം.
ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രസംഗം വളച്ചൊടിച്ചു; കമലിന്റെ 'ഹിന്ദു തീവ്രവാദി' പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന കമല്‍ ഹാസന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം.  പ്രസ്താവനയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസ് കമലിന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ വിശദീകരണം വന്നിരിക്കുന്നത്. 

മതനിരപേക്ഷതയെക്കുറിച്ചും എല്ലാത്തരത്തിലുള്ള തീവ്രവാദത്തിനും എതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം എന്നുമാണ് കമല്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സാധാരാണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. 

ചിലരുടെ വ്യാജ പ്രചാരണത്തിന് എതിരെ മാധ്യമങ്ങള്‍ കമലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. കമലിന്റെ പ്രസംഗത്തിന് എതിരെ ബിജെപിയും സഖ്യകക്ഷികളായ എഐഎഡിഎംകെയും എഎംഎംകെയും രംഗത്ത് വന്നിരുന്നു. 

 മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡെസെയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ പ്രസംഗം. ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍വച്ചാണ് ഞാന്‍ ഇതു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണ് കമല്‍ ഹസന്‍ പറഞ്ഞു. 1948ലെ ആ കൊലപാതകത്തിന് ഉത്തരം തേടിയാണ് താന്‍ വന്നിരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.  അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതവികാരം വൃണപ്പെടുത്തിയെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് അദ്ദേഹത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com