'എനിക്കതില്‍ ഖേദമില്ല' ; മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചതിന് മാപ്പുപറയില്ലെന്ന് യുവമോര്‍ച്ച നേതാവ് ; ബംഗാള്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം

ചിത്രം ഷെയര്‍ ചെയ്തതില്‍ ഖേദമില്ല. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും പ്രിയങ്ക ശര്‍മ്മ
'എനിക്കതില്‍ ഖേദമില്ല' ; മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചതിന് മാപ്പുപറയില്ലെന്ന് യുവമോര്‍ച്ച നേതാവ് ; ബംഗാള്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുടെ മോര്‍ഫ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതില്‍ ഖേദം ഇല്ലെന്ന് യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മ. കേസില്‍ അറസ്റ്റിലായ പ്രിയങ്ക ജയില്‍മോചിതയായതിന് പിന്നാലെയാണ് നിലപാട് അറിയിച്ചത്. സംഭവത്തില്‍ മാപ്പുപറയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. 

ചിത്രം ഷെയര്‍ ചെയ്തതില്‍ ഖേദമില്ല. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും കൊല്‍ക്കത്ത ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു. ജയില്‍ വെച്ച് തനിക്ക് നേരെ കയ്യേറ്റം നടന്നു. ജയിലര്‍ സെല്ലിലേക്ക് പിടിച്ചുതള്ളിയെന്നും പ്രിയങ്ക പറഞ്ഞു. 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുഖത്തിന് പകരം മമതാബാനര്‍ജിയുടെ മുഖ്യ വെച്ചു ചെയ്ത ട്രോളാണ് യുവമോര്‍ച്ച ഹൗറ കണ്‍വീനറായ പ്രിയങ്ക ശര്‍മ്മ ഷെയര്‍ ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നുകാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. തുടര്‍ന്ന് മെയ് 10 ന് പ്രിയങ്കയെ അറസ്റ്റുചെയ്ത പൊലീസ്, അവരെ ആലിപ്പൂര്‍ ജയിലില്‍ അടക്കുകയായിരുന്നു. 

കേസില്‍ ഇന്നലെ സുപ്രിംകോടതി പ്രിയങ്കയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെയും പ്രിയങ്കയെ സര്‍ക്കാര്‍ വിട്ടയച്ചിട്ടില്ലെന്ന് പ്രിയങ്കയുടെ സഹോദരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, ബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രഥമദൃഷ്ട്യാ ധിക്കാരമാണെന്ന് അഭിപ്രായപ്പെട്ടു. 

ഉടന്‍തന്നെ പ്രിയങ്കയെ മോചിപ്പിക്കണമെന്നും, അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി കൈക്കൊള്ളുമെന്നും സുപ്രിംകോടതി പറഞ്ഞു. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം പ്രിയങ്കയെ ജയില്‍ മോചിതയാക്കിയതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുപ്രിംകോടതിയൂടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് രാവിലെ 9.40 ഓടെയാണ് പ്രിയങ്ക ശര്‍മ്മയെ വിട്ടയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com