കനയ്യ, അതീശി, മേവാനി: കളം നിറയുന്ന മോദിക്കൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന യുവനേതാക്കള്‍

കനയ്യ, അതീശി, മേവാനി: കളം നിറയുന്ന മോദിക്കൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന യുവനേതാക്കള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ചില യുവനേതാക്കള്‍ ഉയര്‍ന്നുവന്നിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രത്യേകതകളിലൊന്ന്.

ന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ചില യുവനേതാക്കള്‍ ഉയര്‍ന്നുവന്നിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രത്യേകതകളിലൊന്ന്. ഈ തെരഞ്ഞെടുപ്പിലേയും സ്റ്റാര്‍ ക്യാമ്പയിനറായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളംനിറയുമ്പോള്‍ അദ്ദേഹത്തിനൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട, ചിലപ്പോഴൊക്കെ അദ്ദേഹത്തേക്കാളേറെ ശബ്ദമുയര്‍ന്നുകേട്ട ചില യുവനേതാക്കളുണ്ട്. 

കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി, അതീശി മര്‍ലേന. അതി തീവ്ര ദേശീയത പ്രചരിപ്പിച്ചുകൊണ്ടുള്ള വലതുപക്ഷ പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ചെറുക്കാന്‍ അമേരിക്കയില്‍ ഡെമോക്രാറ്റിക് നേതാവ് അലക്‌സാണ്ട്രിയ ഒക്കാസിയോ കോര്‍ട്ടസ് വളര്‍ന്നുവന്നതുപോലെയാണ് ഇന്ത്യയില്‍ ഇവരും വളര്‍ന്നുവരുന്നത് എന്നാണ് ബ്ലൂംബര്‍ഗ് വിലയിരുത്തുന്നത്. 

സിപിഐ നേതാവായ കനയ്യ കുമാറും എഎപി നേതാവായ അതീശിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ട് ഗുജറാത്ത് ദലിത് പ്രക്ഷോഭ നേതാവും വാദ്ഗാം എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. 

ഇവര്‍ പാര്‍ലമെന്റിലെത്തുമെങ്കില്‍ ഉറപ്പായും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറുമെന്ന് മോദിയുടെ ജീവചരിത്രമെഴുതിയ നീലാഞ്ജന്‍ മുഖോപാധ്യേയ തന്നെ ചൂണ്ടിക്കാട്ടുന്നു. മാറ്റമാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇവര്‍ പ്രപോദനമാകുന്നു എന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ, തൊഴില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇവരുടെ പ്രചാരണങ്ങള്‍ മുന്നേറിയത്. 

പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള പതിനഞ്ച് ദശലക്ഷം യുവ വോട്ടര്‍മാരാണ് ഇത്തവണ ആദ്യ വോട്ട് രേഖപ്പെടുത്തുന്നത്. മോദി ഭരണ കാലത്തെ വിദ്യാഭ്യാസത്തിന് വേണ്ടി മാറ്റിവച്ചത് ബജറ്റിന്റെ നാല് ശതമാനം മാത്രമാണ്. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെട്ടത് മോദി ഭരണകാലത്താണെന്നാണ് കണക്കുകള്‍. തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഇവരുടെ പ്രചാരണങ്ങള്‍ക്ക് യുവാക്കള്‍ക്കിടയിലും ക്യാമ്പസുകളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഒരു വലിയ വിഭാഗം ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും വിലയിരുത്തലുണ്ട്. 

ബിഹാറിലെ ബഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യ കുമാറിന് ക്രൗഡ് ഫണ്ടിങ്ങിലൂടെ വലിയതോതിലുള്ള ധനസഹായം ലഭിച്ചിരുന്നു. അതീശിയും ഇതേ മാര്‍ഗത്തിലൂടെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നത്. ബിജെപി കേന്ദ്രമന്ത്രിയും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട നേതാവുമായ ഗിരിരാജ് സിങായിരുന്നു കനയ്യയുടെ എതിരാളി. അദ്ദേഹത്തിന്റെ പേര് പോലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറയരുത് എന്നായിരുന്നു ഗിരിരാജ് സിങിന് ബിജെപി നല്‍കിയിരുന്ന നിര്‍ദേശം. കനയ്യയുടെ പ്രചാണത്തിനായി ഒരു 'മിനി ഇന്ത്യ' തന്നെ രംഗത്തിറങ്ങിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുള്ളവരുടെ ഒരു നീണ്ട നിരയാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. 
കനയ്യക്ക് വേണ്ടി ബഗുസരായില്‍ ഗ്രാമങ്ങള്‍ തോറും സൈക്കിളില്‍ ചുറ്റിനടന്ന മേവാനി, ഈസ്റ്റ് ഡല്‍ഹിയില്‍ അതീഷിയ്ക്ക് വേണ്ടിയും പ്രചാരണ രംഗത്ത് സജീവമായുണ്ട്. ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് അതീശിയുടെ എതിരാളിയായി ബിജെപിക്കായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com