തൃണമൂലിന്റെ ആക്രമണത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അമിത് ഷാ; പിന്നില്‍ ബിജെപിയെന്ന് തിരിച്ചടിച്ച്‌ മമത

'കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു'
തൃണമൂലിന്റെ ആക്രമണത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അമിത് ഷാ; പിന്നില്‍ ബിജെപിയെന്ന് തിരിച്ചടിച്ച്‌ മമത

കൊല്‍ക്കത്ത; ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് ഏറ്റുയുട്ടിയത് വലിയ സംഘര്‍ഷത്തിന് കാരണമായി. അതിന് പിന്നാലെ പരസ്പരം പഴിചാരി രംഗത്തെത്തിയിരിക്കുകയാണ് അമിത് ഷായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ഇതിന് വോട്ടെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. 

'കൊല്‍ക്കത്തയില്‍ നടന്ന റോഡ്‌ഷോയില്‍ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതില്‍ അസ്വസ്ഥരായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ബംഗാളില്‍ അവസാനഘട്ടതിരഞ്ഞെടുപ്പില്‍ വോട്ടിലൂടെയാണ് ഈ അക്രമങ്ങള്‍ക്കു ജനങ്ങള്‍ മറുപടി നല്‍കേണ്ടത്. സംസ്ഥാനത്ത് അക്രമങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കണം' അമിത് ഷാ പറഞ്ഞു. 

അതിനിടെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷമുണ്ടായ വിദ്യാസാഗര്‍ കോളജില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശനത്തിനെത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവര്‍ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനു പിന്നില്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു. 

ബംഗാളിലെ അക്രമത്തെ തുടര്‍ന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി അറിയിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്. മമത ബാനര്‍ജിയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com