തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിയുടെ കളിപ്പാവ; തീരുമാനത്തിന് പിന്നില്‍ ബിജെപി; കേസെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെ; പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ മമത

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിയുടെ കളിപ്പാവ; തീരുമാനത്തിന് പിന്നില്‍ ബിജെപി; കേസെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെ; പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ മമത

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ബിജെപിയുടെതെന്നും മമത 

കൊല്‍ക്കത്ത: ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ച തെരഞ്ഞടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണം വെട്ടിക്കുറച്ച തീരുമാനമെടുത്തത് തെരഞ്ഞടുപ്പ് കമ്മീഷനല്ലെന്നും ബിജെപിയാണെന്നും മമത പറഞ്ഞു. ഇത് നേരത്തെ തയ്യാറാക്കിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിലെ കളിപ്പാവയായി തെരഞ്ഞടുപ്പ് കമ്മീഷന്‍ മാറി. സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞടുപ്പ് ബിജെപിക്ക് അനുകൂലമാക്കുന്നതിന് വേണ്ടിയാണ്. തെരഞ്ഞടുപ്പ് കമ്മീഷനില്‍ ആര്‍എസ്എസുകാര്‍ പ്രവര്‍ത്തിക്കുന്നതായും മമത പറഞ്ഞു.

സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. പൊലീസിനെ കമ്മീഷന്‍ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ബംഗാളില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. ഇന്നലെ കൊല്‍ക്കത്തയില്‍ ഉണ്ടായ ആക്രമണത്തിന് കാരണക്കാരന്‍ അമിത് ഷായാണ്. പുറത്തുനിന്നെത്തിയ ഗുണ്ടകളുമായി ബിജെപി കലാപമഴിച്ചുവിടുകയായിരുന്നു. ആര്‍ജ്ജവമുണ്ടെങ്കില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെയാണെന്നും മമത പറഞ്ഞു. 

ബംഗാളിനെ കലാപഭൂമിയാക്കിയ ബിജെപിയോട് ജനം പൊറുക്കില്ല. തെരഞ്ഞടുപ്പ് കമ്മീഷനെയും കേന്ദ്രസേനയെയും സ്വാധീനിച്ച് നേട്ടം കൊയ്യാന്‍ മോദിക്ക് ബംഗാളില്‍ സാധിക്കില്ല. ജനം ബിജെപിക്കെതിരായി വിധിയെഴുതുമെന്നും മമത പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചിരുന്നു. ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അസാധാരണ നടപടി. നാളെ രാത്രി 10 മണിയോടെ എല്ലാ സ്ഥാനാര്‍ഥികളുടേയും പ്രചാരണം അവസാനിപ്പിക്കണം. 19നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്‍പത് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ്. ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് പ്രചാരണം വെട്ടിക്കുറക്കാനുള്ള കമ്മീഷന്റെ നപടി. രാജ്യത്ത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അധികാരം ഉപയോഗിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com