'ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധിജി രാജ്യദ്രോഹിയോ?'; വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ തീവ്രവാദി എന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്
'ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധിജി രാജ്യദ്രോഹിയോ?'; വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍; രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇപ്പോള്‍ പ്രജ്ഞയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജമ്മുകശ്മാര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ മഹാത്മാഗാന്ധി രാജ്യദ്രോഹിയാണോ എന്ന് ട്വീറ്റിലൂടെ ഒമര്‍ അബ്ദുള്ള ചോദിച്ചു. 

രാഷ്ട്ര പിതാവിന്റെ ഘാതകന്‍ രാജ്യസ്‌നേഹിയാണെങ്കില്‍ മഹാത്മാഗാന്ധി രാജ്യദ്രോഹിയാകുമോ? അദ്ദേഹം കുറിച്ചു. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ തീവ്രവാദി എന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. കമല്‍ഹാസനെതിരേ ബിജെപി നേതാക്കള്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തി. 

എന്നാല്‍ പ്രജ്ഞ സിങ് പറഞ്ഞത് ഗോഡ്‌സെ രാജ്യസ്‌നേഹിയാണ് എന്നാണ്. അദ്ദേഹത്തെ തീവ്രവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്നും പ്രജ്ഞ കൂട്ടിച്ചേര്‍ത്തു. ഇത് വലിയ വിവാദമായതിന് പിന്നാലെ മാപ്പു പറയാന്‍ പ്രജ്ഞയോട് ബിജെപി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com