ഗോഡ്‌സെ 'രാജ്യസ്‌നേഹി'; പാര്‍ട്ടി നിലപാടല്ല, പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മാപ്പുപറയണമെന്ന് ബിജെപി

പ്രജ്ഞാ സിംഗ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ല; ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബിജെപി 
ഗോഡ്‌സെ 'രാജ്യസ്‌നേഹി'; പാര്‍ട്ടി നിലപാടല്ല, പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മാപ്പുപറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിംഗ് ഠാക്കൂറിനെ തള്ളി ബിജെപി. പ്രജ്ഞ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ പ്രജ്ഞാ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയത്. ബിജെപിയുടെ മനോനില വ്യക്തമാക്കന്നതാണ് പ്രജ്ഞയുടെ വാക്കുകളെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഗാന്ധിയെ അപമാനിക്കുന്നവര്‍ക്ക് രാജ്യം മാപ്പുതരില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് വീണ്ടും ബിജെപി വെടിയുതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രജ്ഞയുടെ പരാമര്‍ശത്തില്‍ ഏതെങ്കിലും ജൂനിയര്‍ നേതാക്കളല്ല മറുപടി പറയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രതികരണം. മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നും ഭീകരന്‍ എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്‌സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍

ഭോപ്പാലില്‍ പ്രജ്ഞയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിയുടെ തീവ്രഹിന്ദു നിലപാടിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ ബിജെപിയെ വെട്ടിലാക്കിയിരുന്നു. രാജ്യത്തിനായി വീരമൃത്യു വരിച്ച ഹേമന്ത് കാര്‍ക്കറെ മരിക്കാന്‍ ഇടയായത് കര്‍മ്മഫലം കൊണ്ടാണെന്നും മലേഗാവ് സ്‌ഫോടനക്കേസില്‍ തന്നെ പ്രതിയാക്കതില്‍ താന്‍ ശപിച്ചുകൊല്ലുകയായിരുന്നെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന് പ്രജ്ഞാ സിംഗ് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞിരുന്നു. ബാബറി മസ്ജിജ് തകര്‍ക്കുന്നതില്‍ താനുമുണ്ടായിരുന്നെന്ന പരാമര്‍ശവും ഏറെ വിവാദത്തിന് ഇടവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com