ന്യൂഡല്‍ഹി വിമാനത്താവളം അധികൃതരുടെ കടുംപിടുത്തം, വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി

അധികൃതരുടെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതോടെയാണ് 12 മണിക്കൂറോളം മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത്
ന്യൂഡല്‍ഹി വിമാനത്താവളം അധികൃതരുടെ കടുംപിടുത്തം, വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി

അബുദാബി: ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും അധികൃതരുടെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതോടെയാണ് 12 മണിക്കൂറോളം മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത്. 

ന്യൂഡല്‍ഹിയില്‍ നിന്നും ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രയ്ക്കിടയില്‍ വെച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ കൈലേശ് ചന്ദ്ര സൈനി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി അബുദാബി വിമാനത്താവളത്തില്‍ ഇറക്കി. ഇവിടൈ നിന്നും മഫ്‌റഖ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോവുകയും, ചൊവ്വാഴ്ച തന്നെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. 

അബുദാബിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ന്യൂഡല്‍ഹി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്നും വാങ്ങി സാക്ഷ്യപ്പെടുത്തി അയക്കണം എന്ന നിലപാടാണ് ന്യൂഡല്‍ഹി വിമാനത്താവളം അധികൃതര്‍ സ്വീകരിച്ചത്. 

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹി വിമാനത്താവള അധികൃതരുമായി നേരിട്ട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും സമാനമായ പ്രതികരണം നേരത്തെയുണ്ടായിട്ടുണ്ടെന്നും, പ്രശ്‌നപരിഹാരത്തിന് വഴി സ്വീകരിക്കണം എന്നുമാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com