ബോഫോഴ്‌സ് കേസില്‍ വീണ്ടും അന്വേഷണം വേണ്ട ;  അനുമതി തേടിയുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് അനുമതി തേടി 2018 ഡിസംബര്‍ നാലിനാണ് സിബിഐ കോടതിയെ സമീപിച്ചത്
ബോഫോഴ്‌സ് കേസില്‍ വീണ്ടും അന്വേഷണം വേണ്ട ;  അനുമതി തേടിയുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി : ബോഫോഴ്‌സ് കേസില്‍ വീണ്ടും അന്വേഷണത്തിന് അനുമതി തേടിക്കൊണ്ട് സിബിഐ നല്‍കിയ അപേക്ഷ പിന്‍വലിച്ചു. ഡല്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് അപേക്ഷ പിന്‍വലിക്കാന്‍ സിബിഐ അനുമതി തേടിയത്. തുടര്‍ന്ന് സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. 

ബോഫോഴ്‌സ് കേസില്‍ വീണ്ടും അന്വേഷണത്തിന് സിബിഐ കോടതിയുടെ അനുമതി തേടേണ്ട സാഹചര്യം എന്തെന്ന് മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് ചോദിച്ചു. ബോഫോഴ്‌സ് കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയും പിന്‍വലിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. കേസിൽ ഇദ്ദേഹത്തിന് എന്തുകാര്യമെന്നും കോടതി ആരാഞ്ഞു. 

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് അനുമതി തേടി 2018 ഡിസംബര്‍ നാലിനാണ് സിബിഐ കോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍നടപടികള്‍ എന്തെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി. 

1986ല്‍ സ്വീഡനിലെ എ.ബി. ബോഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കു 155 എംഎം ന്റെ 410 പീരങ്കികള്‍ വാങ്ങുന്നതിന് 1437 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതില്‍ 64 കോടി രൂപ കോഴ നല്‍കി എന്നായിരുന്നു കേസ്. 1999ല്‍ സിബിഐ ഫയല്‍ചെയ്ത കേസില്‍ ആയുധ ഇടപാടുകാരന്‍ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്തറോക്കി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ബോഫോഴ്‌സ് കമ്പനി, ഹിന്ദൂജാ സഹോദരന്മാര്‍ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. 

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗൂഢാലോചനയില്‍ പങ്കാളിയാണ് എന്നായിരുന്നു ആരോപണം. 1989ല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ചതു ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴ വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com